ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരും, പൊലിസ് വിട്ടയച്ചിട്ടും സ്റ്റേഷനുമുന്നില്‍ കുത്തിരിപ്പ് സമരവുമായി ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ
മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ സമരം തുടരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും സമരം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി.
"കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചതായി പൊലിസ് അറിയിച്ചെങ്കിലും ഞങ്ങള്‍ ഇവിടെ തന്നെ സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങള്‍ വേറെ എവിടെയെങ്കിലും പോയി സമരം ചെയ്താല്‍ പൊലിസ് പിടിച്ചുകൊണ്ടുവരും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുക തന്നെ ചെയ്യും"- യശ്വന്ത് സിന്‍ഹ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് തങ്ങളുടെ പിന്തുണ അറിയിച്ച് കെജ്രിവാളും മമതയും രംഗത്തെത്തിയത്. യശ്വന്ത് സിന്‍ഹയുടെ ജയില്‍വാസത്തില്‍ ഞാന്‍ ആശങ്കപ്പെടുന്നു, ഞങ്ങളുടെ എം.പി ദിനേശ് ത്രിവേദിയെ അദ്ദേഹത്തെ കാണാന്‍ അയക്കുന്നുണ്ടെന്നും മമത ട്വീറ്റ് ചെയ്തു. കര്‍ഷകരുടെ കാര്യത്തിനു വേണ്ടിയാണ് അദ്ദേഹം സമരം ചെയ്യുന്നത്, ഞങ്ങളുടെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാവുമെന്നും മമത പറഞ്ഞു.
"എന്തിനാണ് യശ്വന്ത് സിന്‍ഹയെ അറസ്റ്റ് ചെയ്തത്? ഭ്രാന്താണ്. അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണം"- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.ബി.ജെ.പിയുടെ സഖ്യകക്ഷി ജെ.ഡി.യുവിന്റെ ദേശീയ വക്താവ് പവന്‍ കെ വര്‍മയും സംഭവത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി. കര്‍ഷക പ്രശ്നത്തില്‍ സമരം നടത്തുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്തത് ഉല്‍കണ്ഠയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിളനാശം സംഭവിച്ചതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് നൂറു കണക്കിന് കോട്ടണ്‍, സോയാബീന്‍ കര്‍ഷകരെ കൂട്ടി യശ്വന്ത് സിന്‍ഹ സമരത്തിനിറങ്ങിയത്.യശ്വന്ത് സിന്‍ഹയെയും 250 കര്‍ഷകരെയും തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കസ്റ്റഡിയിലെടുത്തിരുന്നതായി പൊലിസ് പറഞ്ഞു. ജില്ലാ കലക്ടറുടെ ചുറ്റുഭാഗത്തേക്കുള്ള ഗതാഗതം മൂന്നു മണിക്കൂറിലേറെ തടഞ്ഞതു കൊണ്ടാണ് അറസ്റ്റ് ചെയ്തത്. രാത്രി 9.50ന് വിട്ടയച്ചെങ്കിലും പോവാന്‍ വിസമ്മതിച്ചുവെന്നും പൊലിസ് പറഞ്ഞു.



No comments