Breaking News

ഗോവയില്‍ അവധിക്കാലം അടിച്ചു പൊളിച്ച്‌ റിട്ടയര്‍മെന്‍റ് ജീവിതം ആസ്വദിച്ച്‌ സോണിയ ഗാന്ധി




 ദീര്‍ഘകാലം ചുമലിലേറ്റിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന് കൈമാറി, തിരക്കുകളോട് വിടപറഞ്ഞ് അവധിക്കാലം ചെലവഴിക്കാന്‍ സോണിയാഗാന്ധി ഗോവയിലെത്തി. പാര്‍ട്ടി മീറ്റിംഗുകളും പൊതു പരിപാടികളും നല്‍കിയിരുന്ന തിരക്കുപിടിച്ച ജീവിതത്തോട് താല്‍ക്കാലികമായി വിട പറഞ്ഞിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ.

ഗോവയിലെ ലീല ഹോട്ടലിനു സമീപത്ത് കടലോരത്തിനരികെ നടപ്പാതയിലൂടെ തികച്ചും സാധാരണക്കാരിയായി സൈക്കിള്‍ ചവിട്ടിയും മറ്റ് വിനോദ സഞ്ചാരികളോട് സംസാരിച്ചും അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തും അവധിക്കാലം ആഘോഷിക്കുകയാണ് സോണിയാ ഗാന്ധി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നപ്പോള്‍ അവധിക്കാലയാത്രകള്‍ മാറ്റിവെച്ചിരുന്ന സോണിയ അധികാരം മകന് കൈമാറിയതോടെ വിശ്രമജീവിതം ആഘോഷിക്കുകയാണ്.

തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സോണിയ വാര്‍ത്തകള്‍ കാണാറില്ലെന്നും ടിവി പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണെന്നും സോണിയയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പുലര്‍ച്ചെയെഴുന്നേറ്റ് യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും ഇഷ്ടഭക്ഷണങ്ങള്‍ കഴിച്ചും നടന്നും സൈക്കിള്‍ സവാരി നടത്തിയുമൊക്കെ സന്തോഷവതിയായാണ് സോണിയാഗാന്ധി ദിവസം ചെലവഴിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗോവയിലെത്തിയിരിക്കുന്നത്.

സ്വകാര്യത ലഭിക്കുന്ന സ്ഥലമായതിനാലും വിനോദത്തിനും വിശ്രമത്തിനും തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമെന്നതിനാലും ഗോവയിലെ കടലോര റിസോര്‍ട്ട് സോണിയാഗാന്ധിയുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ഡിസംബര്‍ 26നാണ് സോണിയ ഗോവയിലെത്തിയത്. ജനുവരി ആദ്യവാരം തിരിച്ചുപോകുമെന്നാണ് കരുതുന്നത്. പുതുവര്‍ഷം ഗോവയില്‍ ആഘോഷിക്കാനാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം.

ഇതിനു മുന്‍പും സോണിയാഗാന്ധി ഗോവയിലെ ലീല ഹോട്ടലില്‍ താമസിച്ചിട്ടുണ്ട്. ദില്ലിയിലെ തിരക്കുകളും വായുമലിനീകരണവും ശ്വാസം മുട്ടിക്കുമ്ബോഴൊക്കെ ഗോവയിലെ ശുദ്ധവായു നല്‍കുന്ന ബീച്ചുകളിലേക്ക് സോണിയാഗാന്ധി എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മകള്‍ പ്രീയങ്കയുമൊത്ത് സോണിയാഗാന്ധി ഗോവ സന്ദര്‍ശനം നടത്തിയിരുന്നു. മുന്‍പ് ഗോവയില്‍ നടന്ന ഇലക്ഷന്‍ പ്രചാരണ സന്ദേശത്തില്‍ തന്റെ അമ്മയ്ക്ക് ഗോവയിലെ വായു മലീനീകരണമില്ലാത്ത ബീച്ചുകള്‍ ഇഷ്മാണെന്നും ഇവിടെ വീണ്ടും സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.


No comments