ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത ;" തനിക്കിത് സ്വപ്‌ന സാഫല്യം" തുറന്നു പറഞ്ഞു ഗ്യുഡ്യോണ്‍
കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയപ്പോൾ പൂവണിഞ്ഞത് തൻ്റെ ചിരകാല സ്വപ്നമെന്ന് ഐസ്ലൻ്റ് താരം ഗുഡ്ഹോൺ ബാൾഡ്വിൻസൺ. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുമ്പോഴാണ് താരം തൻ്റെ ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റത്തെ പറ്റി മനസു തുറന്നത്. ഡെൽഹിക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയം നേടിയ കളിയിൽ താരം രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയിരുന്നു.
മത്സരത്തിൽ ഗോളൊന്നും നേടിയില്ലെങ്കിലും ആരാധകരുടെ മനസു കവരാൻ താരത്തിനായി. മൈതാനത്ത് കഠിനാധ്വാനം ചെയ്യുന്ന താരം തൻ്റെ കളി രീതി തന്നെ അത്തരത്തിലാണെന്ന് വെളിപ്പെടുത്തി. വളരെയധികം ഓടിക്കളിക്കുന്ന താരമാണു താനെന്നും കളിയുടെ ആവേശം അവസാനം വരെ നിലനിർത്താൻ അതിനു കഴിയുമെന്നും താരം പറഞ്ഞു.
അതിലുപരിയായി താരത്തിൻ്റെ മനസു കവർന്നത് ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകരാണ്. ഇത്രയും വലിയ ഗ്യാലറിക്കു മുന്നിൽ കളിക്കുകയെന്നത് തൻ്റെ ചിരകാലമായുള്ള ആഗ്രഹമായിരുന്നുവെന്നും അതു സഫലമാക്കാൻ ബ്ലാസ്റ്റേഴ്സിൽ കളിച്ചതു കൊണ്ട് സാധിച്ചുവെന്നും താരം പറഞ്ഞു. താരം മുൻപ് കളിച്ചിരുന്ന ഐസ്ലൻറിൽ കുറച്ചു കാണികൾ മാത്രമാണ് മത്സരം കാണാനെത്തിയിരുന്നത്.
ജനസംഖ്യ വളരെ കുറഞ്ഞ രാജ്യമായ ഐസ്‌ലന്‍ഡിൽ കളി കാണാനെത്തുന്നത് 10,000-15,000 ഇടയ്ക്ക് ആളുകള്‍ മാത്രമാണ്. ചെറിയ സ്റ്റേഡിയങ്ങളായതും ഇതിനു കാരണമാണ്. എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ് 40,000- 50,000 കാണികള്‍ക്ക് മുന്നില്‍ കളിക്കുകയെന്നത്. ഇവിടത്തെ കാണികളെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഓരോ നിമിഷവും സ്വന്തം ടീമിനായി ആര്‍പ്പു വിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് തന്നെ വലിയ കാര്യമാണ്- ബാഡ്‌വിന്‍സണ്‍ പറഞ്ഞു.





No comments