പോലീസ് വാഹനം തടഞ്ഞ 30 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്...!
ചക്കരക്കല്‍: ഏച്ചൂര്‍ ടൗണില്‍ പോലീസ് വാഹനം ഏറെനേരം തടഞ്ഞുവച്ച് ഭീഷണി മുഴക്കിയ സംഭവത്തില്‍ 30 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ മാച്ചേരിയിലെ വിനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേലേ ചൊവ്വ മട്ടന്നൂര്‍ റോഡില്‍ മദ്യപിച്ച ഒരുസംഘം വാഹനങ്ങള്‍ തടഞ്ഞ് ബലമായി പണപ്പിരിവ് നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പതിനഞ്ചോളം പേര്‍ ഒരു ക്ഷേത്രോല്‍സവത്തിന്റെ പേരില്‍ നിര്‍ബന്ധമായി പണപ്പിരിവ് നടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഉല്‍സവക്കമ്മിറ്റിയുടെ ആളുകളെത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു പെറ്റികേസുപോലും എടുക്കാതെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ 8.30 ഓടെ പോലീസിനെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രചാരണം നടത്തുന്നതായറിഞ്ഞ് എ.എസ്.ഐ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഏച്ചൂരിലെത്തിയ സംഘത്തെ ഇരുന്നൂറോളം പേര്‍ വളഞ്ഞുവയ്ക്കുകയായിരന്നു. എസ്.ഐ. ബിജു സ്ഥലത്തെത്തിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂവെന്നും ജീപ്പ് കത്തിക്കുമെന്നു ഭീഷണി ഉയര്‍ത്തിയതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെ.എ.പിയില്‍ നിന്നുള്ള ഒരുപ്ലാറ്റൂണും ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സന്നാഹവുമായി സിറ്റി സി.ഐ കെ.വി.പ്രമോദ്, ചക്കരക്കല്‍ എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയപ്പോള്‍ സംഘടിച്ചവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് ഉല്‍സവം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണത്തിനും ഇതിനിടെ ചിലര്‍ മുതിര്‍ന്നു. ഉല്‍സവാഘോഷങ്ങളുടെ പേരില്‍ റോഡിലിറങ്ങി ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഹൈവേ റോബറിയായി കണക്കാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ചക്കരക്കല്‍ പോലീസ് മുന്നറിയിപ്പുനല്‍കി. അക്രമത്തിന് നേതൃത്വം നല്‍കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത മുഴുവന്‍ പേരും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു....

No comments