Breaking News

തിരുവനന്തപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി: കാണാതായ വിദേശ യുവതിയുടേതെന്ന് സംശയം ?


       
തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്തിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവല്ലം വാഴമുട്ടം പുനം തുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. കോളത്ത് നിന്ന് കാണാതായ ഐറിഷ് യുവതി ലിഗയുടേതാണ് മൃതദേഹമെന്നാണ് സംശയം. ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ കഴിഞ്ഞ മാസമാണ് കാണാതായത്.

പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയില്‍ എത്തിയ ലിഗയെ ഇവിടെ നിന്നാണ് കാണാതായത്. കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും അനുഭവിച്ചിരുന്ന യുവതി ഇതിന് ചികിത്സ തേടിയാണ് കേരളത്തില്‍ എത്തിയത്. കഴിഞ്ഞ അമൃതാനന്ദമയി ഭക്തരായ ലിഗയും സഹോദരിയും കുറച്ച് ദിവസം അമൃത ആശ്രമത്തില്‍ തങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ രാത്രിയില്‍ ആശ്രമത്തിലെ ബഹളത്തില്‍ ഉറക്കം നഷ്ടപ്പെട്ടതോടെ അവിടെ നിന്ന് വര്‍ക്കലയിലേക്ക് പോയി.

കുറച്ച് ദിവസം വര്‍ക്കലയില്‍ താമസിച്ച ശേഷം മാര്‍ച്ച് ഫെബ്രുവരി 21ന് പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തി ചികിത്സ ആരംഭിച്ചു. ചികിത്സയില്‍ മാനസികനില മെച്ചപ്പെട്ട് വരുന്നതിനിടെയാണ് മാര്‍ച്ച് 14ന് ലിഗയെ കാണാതായത്. യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ ലിഗ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. പിന്നാലെ സഹോദരി എത്തിയപ്പോള്‍ ലിഗ മുറിയില്‍ നിന്ന് പോയിരുന്നു. ആശുപത്രി പരിസരത്തും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചുവെങ്കിലും ലിഗയെ കണ്ടെത്താനായില്ല.

ബാഗും പാസ്‌പോര്‍ട്ടും മറ്റ് സാധനങ്ങളും മുറിയില്‍ തന്നെ വച്ചിട്ടാണ് ലിഗ പോയത്. രണ്ടായിരം രൂപ മാത്രമേ കൈവശം എടുത്തിരുന്നതായി സഹോദരി പറഞ്ഞു. ഇതിനിടെ ലിഗ കോവളത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരം ശരിവച്ച് ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിരുന്നു. തുടര്‍ന്ന് കോവളം ബീച്ചില്‍ ലിഗയെ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. സമീപ ബീച്ചുകളിലും ഓട്ടോ സ്റ്റാന്‍ഡുകളിലുമെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം നടത്തിവരികെയാണ്.

   

No comments