ലോക്‌സഭാ തിരഞ്ഞെടുപ്പ്: 20 സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കാൻ തയ്യാറാണെങ്കിൽ ഏതു സീറ്റും വിട്ടുനൽകാൻ തയ്യാറാണ്. താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് യു.ഡി.എഫിന്റെ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കുന്ന സ്ഥാനാർഥികളുടെ ലിസ്റ്റ് ഫെബ്രുവരി 20-നു മുമ്പേ സമർപ്പിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കികൊണ്ട് സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ധാരണയായിക്കഴിഞ്ഞെന്ന് മുല്ലപ്പള്ളി അറിയിച്ചത്. നിലവിൽ വടകര ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പള്ളി, കെ.പി.സി.സി അധ്യക്ഷനായതോടെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ വടകരയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരും. നിലവിലെ സിറ്റിങ് എം.പിമാർക്കെല്ലാം സീറ്റ് നൽകുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായഉമ്മൻചാണ്ടിയെ ലോക്സഭയിലേക്ക് മത്സരിപ്പിക്കണമെന്ന് പാർട്ടിക്കുള്ളിലും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടി മനസ്സ് തുറന്നിട്ടില്ല.

No comments