കെ.പി ശശികലയുടെ ‘ശതം സമര്‍പ്പയാമി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ദിവസത്തിനിടെ ലഭിച്ചത് ആറു ലക്ഷം രൂപ!
ശബരിമല യുവതീ പ്രവേശനത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തിയ പ്രതിഷേധക്കാരെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികല രംഗത്തെത്തിയത്. ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവനയെ പിന്നീട് പരിഹാസത്തോടെയാണ് സാമുഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
പരിഹാസത്തിനുമപ്പുറം ‘ശതം സമര്‍പ്പയാമി’ ക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചിരുന്നു. സംഭാവന നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര്‍ ചലഞ്ച്.
ഇതിനൊക്കെ പുറമെ ചില വിരുതന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ‘ശതം സമര്‍പ്പയാമി’ യുടെ പോസ്റ്ററില്‍ എഴുതി വെച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചിട്ടുണ്ട്. . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം ലഭിച്ചത് 3.41 ലക്ഷം രൂപയാണ്. ഇന്ന് 2.31 ലക്ഷം രൂപയും സമാഹരിക്കാനായി. തുടര്‍ ദിവസങ്ങളിലും ദുരിതാശ്വാസ നിധിയിലേക്ക് പണം ലഭിക്കുമെന്ന് തന്നെയാണ് ഓണ്‍ലൈന്‍ ലോകത്തെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് വരെ 196 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തി ചേര്‍ന്നിട്ടുണ്ട്.

No comments