ഹെലികോപ്റ്റര്‍ നിലത്തിറക്കാന്‍ സ്വന്തമായി ഇടം കണ്ടെത്തി അമിത് ഷാ
ന്യൂഡല്‍ഹി: മാല്‍ഡയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചെന്നാരോപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോപ്റ്റര്‍ ഇറക്കാന്‍ സ്വകാര്യ ഇടം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ബംഗാളിലെ ഗോള്ഡന്പാര്ക്ക് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് വളപ്പിലായിരിക്കും ഷായുടെ കോപ്റ്റര്‍ ലാന്‍ഡ് ചെയ്യുക. ബിജെപി ബംഗാള്‍ ഘടകം വാര്‍ത്തക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ചൊവ്വാഴ്ച നടക്കുന്ന റാലിയിലും മഹാസമ്മേളനത്തിലും പങ്കെടുക്കാനായാണ് അമിത് ഷാ മാല്‍ഡയിലെത്തുന്നത്. എന്നാല്‍ മാല്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞദിവസം ഹെലികോപ്റ്റര്‍ ഇറക്കിയ അതേസ്ഥലത്താണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് അനുമതി നിഷേധിച്ചതെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ പകപോക്കലാണെന്നും ബിജെപി ആരോപിച്ചിരുന്നു.
അതേസമയം, ബിജെപി ആരോപണം മമത ബാനര്‍ജി പാടെ തള്ളിയിരുന്നു. ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ചില സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ മാല്‍ഡ വിമാനത്താവളത്തില്‍ നിന്ന് മാറ്റി മറ്റൊരിടത്ത് ലാന്‍ഡ് ചെയ്യണമെന്നു മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മമത പറഞ്ഞിരുന്നു.

No comments