കോണ്‍ഗ്രസിനും ബിജെപിക്കുമല്ല; ഇത്തവണ വിജയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് : മമത
കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും മറികടന്ന് പ്രാദേശിക പാർട്ടികൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പിക്ക് 125-ലേറെ സീറ്റുകൾ ലഭിക്കില്ലെന്നും കോൺഗ്രസിന്റെ കാര്യം പറയാനാകില്ലെന്നും പ്രാദേശിക പാർട്ടികളാവും ഇത്തവണ നിർണായകമാവുകയെന്നും മമത പറഞ്ഞു. കൊൽക്കത്തയിൽ മഹാറാലിയുടെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പിയെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ മഹാസമ്മേളനമാണ് ശനിയാഴ്ചയിലെ ഐക്യ ഇന്ത്യ മഹാറാലികൊണ്ട് മമത ബാനർജി ലക്ഷ്യമിടുന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.എസ്.പി. നേതാവ് മായാവതി, ബി.ജെ.ഡി. നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്ക്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എന്നിവർ റാലിയിൽ പങ്കെടുക്കുന്നില്ല. രാഹുൽ ഗാന്ധി റാലിയിൽനിന്ന് പിന്മാറിയെങ്കിലും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ റാലിക്കെത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റാലിയിൽ അണിനിരക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, എൻ.സി.പി. നേതാവ് ശരദ് പവാർ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും ശനിയാഴ്ചത്തെ മഹാറാലിയിൽ പങ്കെടുക്കും.

No comments