Breaking News

ഗാന്ധി ഘാതകരുടെ തോക്ക് ഇന്നും വെടിയുതിർക്കുന്നു: കോടിയേരി

മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഗാന്ധിജിയെ വെടിവച്ചുകൊന്നവരുടെ തോക്ക് ഇന്നും വെറുതെയിരിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗാന്ധി രക്തസാക്ഷി ദിനത്തിൽ മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവസാക്ഷ്യം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി.

ഓരോ രക്തസാക്ഷി ദിനത്തിലും ഗാന്ധിജിയെ ആർഎസ്എസ് വീണ്ടും വീണ്ടും കൊലപ്പെടുത്തുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ സൃഷ്ടിയാണ് ആർഎസ്എസും മുസ്‌ലിം ലീഗും.

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാനാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സുപ്രീംകോടതി, സൈന്യം, സിബിഐ, റിസർവ് ബാങ്ക് എന്നിവയുടെയെല്ലാം സ്വതന്ത്രപരമാധികാരത്തിൽ കേന്ദ്രം കൈകടത്തുന്നു.

 കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒരേ സ്വരത്തിലാണു സംസാരിക്കുന്നത്.

വിശ്വാസത്തിന്റെ പേരിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു. കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.ഷാജർ അധ്യക്ഷത വഹിച്ചു.

പി.പി.ഷാജിർ, കെ.വി.സുമേഷ്, ടി.വി.രഞ്ജിത്ത്, കെ.കെ.റിജേഷ്, എം.ശ്രീരാമൻ എന്നിവർ പ്രസംഗിച്ചു.

ജില്ലയിൽ 6 കേന്ദ്രങ്ങളിലാണു യുവ സാക്ഷ്യം പരിപാടി നടന്നത്. പയ്യന്നൂർ ഗാന്ധി പാർക്കിൽ സെബാസ്റ്റ്യൻ പോളും മമ്പറത്ത് കവി മുരുകൻ കാട്ടാക്കടയും തലശ്ശേരിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവും തളിപ്പറമ്പ് ഏഴാംമൈലിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനനും ഉദ്ഘാടനം ചെയ്തു. സംവിധായകൻ പ്രിയനന്ദൻ മുഖ്യപ്രഭാഷണം നടത്തി.

No comments