Breaking News

കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിയുമായി ധാരണയില്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കര്‍ണ്ണാടകയില്‍ ബിജെപി – ജെഡിഎസ് സഖ്യസര്‍ക്കാര്‍. ജെഡിഎസിന് ബിജെപി നല്‍കിയിരിക്കുന്നത് വമ്പന്‍ ഓഫർ

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ ബി ജെ പിയും മുഖ്യമന്ത്രി കുമാരസ്വാമിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡയും നേതൃത്വം നല്‍കുന്ന ജനതാദള്‍ എസുമായി ധാരണയില്‍.  ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജെ ഡി എസ് കോണ്‍ഗ്രസിനെ കൈവിടും.
ബി ജെ പിയുമായി ചേര്‍ന്ന് കുമാരസ്വാമി പുതിയ ബി ജെ പി – ജെ ഡി എസ് സഖ്യ സര്‍ക്കാരിന് രൂപം നല്‍കും.

കുമാരസ്വാമിക്കും ദേവഗൌഡയ്ക്കും ഇതിനായി വമ്പന്‍ ഓഫറുകളാണ് ബി ജെ പി നല്‍കിയിരിക്കുന്നത്. യു പിയില്‍ മഹാ സഖ്യത്തെ പൊളിച്ചടുക്കിയതുപോലെ കര്‍ണ്ണാടകയിലെ സഖ്യ സര്‍ക്കാരിനെ പൊളിച്ചടുക്കി ദക്ഷിണേന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കാനാണ് ബി ജെ പി നീക്കം.

ഇതുപ്രകാരം കോണ്‍ഗ്രസുമായി തെറ്റിപ്പിരിയുന്നതിനുള്ള കാരണങ്ങള്‍ തിരയുന്ന തിരക്കിലാണ് ജെ ഡി എസ് ഇപ്പോള്‍. ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസിനെ പരമാവധി പ്രകോപിപ്പിച്ച് ബന്ധം വഷളാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗത്യന്തരമില്ലാതെയാണ് കോണ്‍ഗ്രസിനെ കൈവിടുന്നതെന്ന്‍ ജനങ്ങളെ ബോധിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കുകയാണ് ഇനി ജെ ഡി എസ് ചെയ്യുക.
ഇതിനായി സംസ്ഥാന ഭരണത്തില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞു കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്ന തന്ത്രങ്ങളാകും ജെ ഡി എസ് പയറ്റുക.

കോണ്‍ഗ്രസ് അഴിമതിക്ക് പ്രേരിപ്പിക്കുന്നു എന്ന പ്രചരണത്തിനാകും ഇതില്‍ മുന്‍‌തൂക്കം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് ദക്ഷിണേന്ത്യയില്‍ വലിയ തിരിച്ചടിയും നാണക്കേടുമായി മാറും എന്നാണ് വിലയിരുത്തല്‍.

ദക്ഷിണേന്ത്യയില്‍ നിന്നും കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ കുറയ്ക്കുക എന്നതാണ് ബി ജെ പി ഒരുക്കുന്ന തന്ത്രം. ഇതിനായി നിലവിലുള്ള സഖ്യങ്ങളെ പൊളിച്ചടുക്കുകയാവും ചെയ്യുക.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. അതിന് തടയിട്ടാല്‍ നേരിയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പ്രതീക്ഷ.

No comments