Breaking News

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഓണ്‍ലൈന്‍ ലേലം നാളെ


ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പാരിതോഷികങ്ങള്‍ ഞായറാഴ്ച ലേലത്തില്‍ വിറ്റു. ലേലത്തുക കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ദൗത്യമായ ക്ലീന്‍ ഗംഗ പദ്ധതിക്കായി ഉപയോഗിക്കും. തലപ്പാവ്, ഷാള്‍, ജാക്കറ്റ്, സംഗീതോപകരണങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങി ഏകദേശം 1800 സമ്മാനങ്ങളാണ് ലേലത്തിനെത്തിയത്. ഞായറാഴ്ചയാണ് വില്‍പന നടന്നത്. വിറ്റഴിക്കാത്ത സമ്മാനവസ്തുക്കള്‍ ജനുവരി 29 മുതല്‍ 31 വരെ ഇ-ലേലം ചെയ്യും. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ
ഇവ വാങ്ങാവുന്നതാണ്.

3,800 രൂപ നല്‍കി ഹനുമാന്‍ വിഗ്രഹം കൈവശപ്പെടുത്തിയ പത്തുവയസുകാരന്‍ അവ്യാന്‍ഷ് ഗുപ്തയാണ് ലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രയം കുറഞ്ഞ വ്യക്തി.

ഒരു തലപ്പാവും മുള കൊണ്ടു നിര്‍മിച്ച തൊപ്പിയും കൂടി വാങ്ങാനൊരുങ്ങുകയാണ് അവ്യാന്‍ഷ്. ലേലത്തെ കുറിച്ച്‌ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് ഇതില്‍ പങ്കെടുത്തതെന്ന് അവ്യാന്‍ഷ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ മുന്‍ പാര്‍ലമെന്റംഗമായ സി നരസിംഹന്‍ മോദിക്ക് സമ്മാനിച്ച 2.22 കിലോഗ്രാം ഭാരമുള്ള വെള്ളിത്തളികയാണ് ലേലത്തില്‍ ഏറ്റവും വലിയ തുക കരസ്ഥമാക്കിയത്. 1000 രൂപ അടിസ്ഥാനവിലയുള്ള ശിവാജി പ്രതിമ 22,000 രൂപ നേടി.

ഗംഗാ നദീസംരക്ഷണ പദ്ധതിയില്‍ പങ്കു ചേരുന്നതില്‍ അഭിമാനമാണെന്ന് ഹിന്ദുസേനയുടെ ഉപാധ്യക്ഷന്‍ സുര്‍ജീത് യാദവ് പറഞ്ഞു. ഇദ്ദേഹം ഒരു ലക്ഷം രൂപ ലേലത്തിനായി ചെലവിട്ടു. ഇരുപതോളം സാധനങ്ങള്‍ ഇദ്ദേഹം വാങ്ങി. 2018 ഒക്ടോബറില്‍ ഈ വസ്തുക്കളുടെ പ്രദര്‍ശനം ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ഒരുക്കിയിരുന്നു. തുടര്‍ന്നാണ് ലേലം സംഘടിപ്പിച്ചത്. ഒരു ദിവസത്തെ ലേലത്തില്‍ നേടിയ തുക എത്രയെന്ന് വെളിപ്പെടുത്താന്‍ എന്‍ജിഎംഎ അധികൃതര്‍ തയ്യാറായില്ല.

No comments