Breaking News

കേന്ദ്രത്തിനെതിരേ കർഷകപ്രക്ഷോഭവുമായി കോൺഗ്രസ്


ന്യൂഡൽഹി: കാർഷികപ്രശ്നങ്ങളുയർത്തി കേന്ദ്രസർക്കാരിനെതിരേ റാലികളുമായി കോൺഗ്രസ്. ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാഗാന്ധി പ്രക്ഷോഭം ആരംഭിച്ച ബിഹാറിലെ ചമ്പാരനിൽ 25, 26 തീയതികളിൽ പദയാത്ര നടത്തുമെന്ന് കർഷക കോൺഗ്രസ് ദേശീയ അധ്യക്ഷൻ നാനാ പടോലെ പ്രഖ്യാപിച്ചു. 'ദണ്ഡിയാത്ര' എന്ന പേരിലാണ് പ്രക്ഷോഭം. ഇതിനുപുറമെ, ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ 30-ന് അദ്ദേഹത്തിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിൽ 15,000 കർഷകർ ഒത്തുചേരും. ഫെബ്രുവരി മൂന്നിന് പട്നയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കുന്ന കർഷകറാലിയും തീരുമാനിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിൽ കർഷകഐക്യവും ശക്തമായിക്കഴിഞ്ഞു. കേന്ദ്രസർക്കാർ കർഷകസൗഹൃദനടപടികൾ പ്രഖ്യാപിക്കാനിരിക്കെയാണ് കർഷകപ്രക്ഷോഭം ശക്തമാക്കാനുള്ള കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷവും കാർഷികകടം എഴുതിത്തള്ളുന്നതടക്കമുള്ള തീരുമാനങ്ങൾ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് നാനാ പടോലെ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ നയങ്ങൾ തുറന്നുകാട്ടാനാണ് പദയാത്രയും കർഷകറാലിയും. കാർഷികകടം എഴുതിത്തള്ളുന്നതുവരെ പ്രധാനമന്ത്രിയെ ഉറങ്ങാൻ സമ്മതിക്കില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞതും കർഷകകോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
       
        

No comments