Breaking News

ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുന്നത് മണ്ടന്‍ തീരുമാനം: ബി.ജെ.പിയില്‍ തര്‍ക്കം മുറുകുന്നു


തിരുവനന്തപുരം: ചാനലുകളുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ ബഹിഷ്കരിക്കാനുള്ള ബി.ജെ.പി തീരുമാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു. പാര്‍ട്ടി തീരുമാനം വകവയ്ക്കാതെ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന കമ്മിറ്രി അംഗം പി.കൃഷ്ണദാസിനെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് വിവാദം കത്തിപ്പടരുന്നത്. ചര്‍ച്ച ബഹിഷ്കരിക്കണമെന്നാവശ്യപ്പെടുന്നവരും ഇത് അപ്രായോഗികവും ശരിയല്ലെന്നുമഭിപ്രായപ്പെടുന്നവരും തമ്മിലാണ് തര്‍ക്കം.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം തിരുവനന്തപുരത്തും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാ‌ര്‍ത്താ സമ്മേളനം കോഴിക്കോട്ടും ഭൂരിഭാഗം മാദ്ധ്യമ പ്രവര്‍ത്തരും ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പി പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.

ഇതേത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി , ബി.ജെ.പി അനുകൂല ചാനലൊഴികെയുള്ളവയുടെ ചര്‍ച്ചകളില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന സമിതി അംഗവും ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്രാന്‍ഡിംഗ് കൗണ്‍സലുമായ പി. കൃഷ്ണദാസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. യാതൊരു വിശദീകരണവും കൂടാതെയാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഒരഭിഭാഷകന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും അക്കാര്യം അവതാരകന്‍ എടുത്തുപറഞ്ഞിട്ടുണെന്നും പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടും മുന്‍വിധിയോടെ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് നടപടിയെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലെ അഭിഭാഷകന്‍ കൂടിയാണ് കൃഷ്ണദാസ്. ശബരിമല കേസില്‍ സുരേന്ദ്രനെ അറസ്റ്ര് ചെയ്ത് ജയിലിടച്ചപ്പോള്‍ ജാമ്യമെടുക്കാനും മറ്രും മുന്നില്‍ നിന്നത് കൃഷ്ണദാസായിരുന്നു. ഇതാണ് നടപടി ഗ്രൂപ്പടിസ്ഥാനത്തിലാണ് എന്ന ആരോപണമുയര്‍ത്തിയത്.

തന്റെ രാഷ്ട്രീയ ഗുരുവെന്ന് ശ്രീധരന്‍ പിള്ള എപ്പോഴും വിശേഷിപ്പിക്കുന്ന ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.രാമന്‍പിള്ളയും കഴിഞ്ഞ ദിവസം ഇതേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്താണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കൃഷ്ണദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പിള്ളയുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നത് മണ്ടന്‍ തീരുമാനമെന്നാണ് പാര്‍ട്ടിയിലെ വലിയൊരുവിഭാഗത്തിന്റെ അഭിപ്രായം. ബി.ജെ.പി പ്രതിനിധികള്‍ ബഹിഷ്കരിക്കുമ്ബോള്‍ തന്നെ ബി.ജെ.പിയുടെ ഭാഗം പറയാന്‍ ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ്മസമിതിയുടെയും പ്രവര്‍ത്തകര്‍ ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെ ബഹിഷ്കരണം ഫലത്തില്‍ ഇല്ലാതാവുകയാണന്നും ഇവര്‍ പറയുന്നു.

No comments