Breaking News

മകന് കേന്ദ്രമന്ത്രി സ്ഥാനമില്ല, ഭവിഷ്യത്ത് നേരിടേണ്ടി വരും: ബിജെപിക്ക് യുപി സഖ്യകക്ഷിയുടെ ഭീഷണി..

 


ഗൊരഖ്പൂര്‍: മകന് കേന്ദ്രമന്ത്രിസ്ഥാനം നല്‍കാത്തതിനെ ചൊല്ലി യുപി സഖ്യകക്ഷിയില്‍ അതൃപ്തി. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്റെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി തലവന്‍ സഞ്ജയ് നിഷാദ് ആണ് അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.


മകനും യുപിയിലെ സാന്റ് അബിര്‍ നഗറില്‍ നിന്നുള്ള എംപിയുമായ പ്രവീണ്‍ നിഷാദിനെ കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വിദ്വേഷം പരസ്യമാക്കിയത്. യുപിയില്‍ നിന്നുള്ള അപ്ന ദളിലെ അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് പ്രവീണ്‍ നിഷാദിനെ ഉള്‍പ്പെടുത്തിയില്ലെന്ന് അദേഹം ചോദ്യമുയര്‍ത്തി.


'അപ്ന ദളിലെ അനുപ്രിയ പട്ടേലിന് മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചുവെങ്കില്‍ എന്തുകൊണ്ട് എംപി പ്രവീണ്‍ നിഷാദിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല?


നിഷാദ് സമുദായത്തിലെ ജനങ്ങള്‍ ഇതിനോടകം തന്നെ ബിജെപിയില്‍ നിന്ന് അകലുകയാണെന്നും, ബിജെപി തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും സഞ്ജയ് നിഷാദ് മുന്നറിയിപ്പ് നല്‍കി.


അതേസമയം ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. തീരുമാനിക്കാനുള്ള അവസരമാണ് അവര്‍ക്കുള്ളത്. പ്രവീണ്‍ നിഷാദിനെ കൈവെടിയില്ല എന്നാണ് വിശ്വാസമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ നിഷാദ്( നിര്‍ബാല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആം ദള്‍)പാര്‍ട്ടിക്ക് യുപി നിയമസഭയില്‍ ഒരു എംഎല്‍എ ആണുള്ളത്.

No comments