' സിദ്ദുവിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു': കുളം കലക്കാൻ കെജരിവാൾ..
പഞ്ചാബിലെ ചരണ്‍ജിത് സിംഗ് ചന്നി സര്‍ക്കാരിന്റെ തെറ്റായ വാഗ്ദാനങ്ങള്‍ തുറന്നുകാട്ടിയ നവജ്യോത് സിംഗ് സിദ്ദുവിന്റെ ധീരതയില്‍ അഭിമാനമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്‌രിവാള്‍
'തന്റെ സര്‍ക്കാര്‍ മണല്‍ മാഫിയയെ അവസാനിപ്പിച്ചെന്നും മണലിന്റെ വില കുറച്ചെന്നും മുഖ്യമന്ത്രി ചന്നി ഇന്നലെ അവകാശപ്പെട്ടിരുന്നു. ഈ വിവരം തെറ്റാണെന്ന് ഉടന്‍ തന്നെ സിദ്ധു പറഞ്ഞു. മണല്‍ മാഫിയ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ധൈര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു'- വാര്‍ത്താസമ്മേളനത്തില്‍ കെജരിവാള്‍ വ്യക്തമാക്കി.
'ചന്നി നുണ പറയുകയാണെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിളിച്ചു പറയുന്ന സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ്. ആദ്യം അത് അമരീന്ദര്‍ സിങ്ങായിരുന്നെങ്കില്‍ ഇപ്പോഴത് ചന്നിയാണ്'- കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇലക്‌ട്രിസിറ്റിയും മൊഹല്ല ക്ലിനിക്കും നല്‍കാമെന്ന വാഗ്ദാനങ്ങളൊന്നും ചന്നി പാലിച്ചില്ലെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നത്. സിദ്ദുവുമായുള്ള രാഷ്ട്രീയ വടംവലികള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദര്‍ സിദ്ദുവിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ആരോപിച്ചത്. എന്നാല്‍ അമരീന്ദര്‍ ബി.ജെ.പിയോടാണ് കൂറ് പുലര്‍ത്തുന്നത് എന്ന് സിദ്ദു തിരിച്ചടിച്ചു.
അമരീന്ദറിന് ശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചന്നി പിന്നീട് സിദ്ദുവുമായി തെറ്റിയിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആംആദ്മി പാര്‍ട്ടിയും ഒരുങ്ങിതന്നെയാണ്.
No comments