Breaking News

ലീഗിലെ 67 ശതമാനം അംഗങ്ങള്‍ക്കും സഭയില്‍ 90 ശതമാനത്തിലേറെ ഹാജരുണ്ട്

 


പാര്‍ട്ടി അടിസ്ഥാനത്തില്‍, ലീഗിലെ 67 ശതമാനം അംഗങ്ങള്‍ക്കും സഭയില്‍ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തില്‍നിന്നുള്ള ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്‌നാട്ടില്‍ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലെ ലീഗ് എംപിമാര്‍. കണക്കുകള്‍ ഉദ്ധരിച്ച്‌ ഡാറ്റാ വെബ്‌സൈറ്റായ ഫാക്‌ട്‌ലി ഡോട് ഇന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ട്ടിയിലെ അമ്ബത് ശതമാനത്തിലേറെ എംപിമാരും 90 ശതമാനത്തിലേറെ ഹാജര്‍ നേടിയ മൂന്നു പാര്‍ട്ടികളാണ് ഈ ലോക്‌സഭയിലുള്ളത്. മൂന്ന് എംപിമാരുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനു പുറമേ, പത്ത് എംപിമാരുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബിഎസ്പി)യും 16 എംപിമാരുള്ള ജനതാദള്‍ യുണൈറ്റഡും. അമ്ബത് ശതമാനത്തിലേറെ അംഗങ്ങള്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഹാജര്‍ നേടിയ ഏക ദേശീയ കക്ഷി ബിഎസ്പിയാണ്. പാര്‍ട്ടിയിലെ 60 ശതമാനം അംഗങ്ങള്‍ക്കും 90 ശതമാനത്തിലേറെ ഹാജരുണ്ട്.

മറ്റു ദേശീയ കക്ഷികളില്‍ അമ്ബത് ശതമാനത്തില്‍ താഴെ അംഗങ്ങള്‍ 90 ശതമാനം ഹാജര്‍ നേടിയതില്‍ ബിജെപിയാണ് മുമ്ബില്‍, 44 ശതമാനം. സിപിഎം 33%, എന്‍സിപി 20%, കോണ്‍ഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാര്‍ട്ടിയില്‍ എട്ടു ശതമാനം പേര്‍ക്കു മാത്രമാണ് 90 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളത്. സഭയില്‍ കോണ്‍ഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എന്‍സിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.പാര്‍ട്ടികളുടെ ഹാജര്‍നില

ലോക്‌സഭയുടെ, ഇക്കഴിഞ്ഞ ശൈത്യകാല സെഷന്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണ് ഫാക്‌ട്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശൈത്യകാല സമ്മേളനം അവസാനിച്ചതോടെ 17-ാം ലോക്‌സഭ അഞ്ചു വര്‍ഷക്കാലാവധിയുടെ പാതിയും തികച്ചിരിക്കുകയാണ്. നിലവില്‍ വന്ന 2019 മുതല്‍ ഇതുവരെ ഏഴു സെഷനുകളിലായി 149 ദിവസമാണ് ലോക്‌സഭ സമ്മേളിച്ചിട്ടുള്ളത്.

രജിസ്റ്ററിലോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഒപ്പു വച്ച അംഗങ്ങളുടെ ഹാജര്‍നിലയാണ് ഫാക്‌ട്‌ലി പരിശോധിച്ചത്. രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ മാത്രമേ ചട്ടപ്രകാരം സഭയില്‍ ഹാജരായതായി പരിഗണിക്കൂ. 542 അംഗ സഭയില്‍ മന്ത്രിസഭയിലുള്ള 59 പേര്‍ ഒഴിച്ചാല്‍ 481 പേരാണ് രജിസ്റ്ററില്‍ ഒപ്പിടേണ്ടത്. ഇതില്‍ 148 അംഗങ്ങള്‍ക്ക് മാതമ്രാണ് 90 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളത് എന്നതാണ് ശ്രദ്ധേയം. 93 അംഗങ്ങള്‍ക്ക് 50 ശതമാനത്തില്‍ താഴെയാണ് ഹാജര്‍. ആറു എംപിമാര്‍ മാത്രമേ സഭ നടന്ന 149 ദിവസവും ഹാജരായിട്ടുള്ളൂ.

ഇതുവരെ സമ്മേളിച്ച ഏഴു സെഷനില്‍ ഒന്നില്‍പ്പോലും 80 ശതമാനത്തില്‍ കൂടുതല്‍ ശരാശരി ഹാജര്‍ നിലയില്ല. ആദ്യ സെഷനില്‍ 76 ശതമാനമാണ് ഹാജര്‍ നില. ഒന്നും രണ്ടും ലോക്ഡൗണിന് ഇടയില്‍ നടന്ന നാല്, അഞ്ച് സെഷനുകളില്‍ യഥാക്രമം 64, 60 ശതമാനവും. നാലാം സെഷന്‍ പത്തു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 ദിവസമായിരുന്നു അഞ്ചാം സെഷന്‍.

ഏഴു സെഷനുകളിലായി നാലു ദിവസം മാത്രമാണ് സഭയില്‍ 90 ശതമാനത്തിലേറെ ഹാജര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ സത്യവാചകം ചൊല്ലിയ 2019 ജൂണ്‍ 18, പ്രത്യേക സാമ്ബത്തിക മേഖലാ ഭേദഗതി ബില്‍, ആധാര്‍ നിയമഭേദഗതി തുടങ്ങിയവ പരിഗണിച്ച 2019 ജൂണ്‍ 26, പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പ്രസ്താവന നടത്തിയ 2019 ജൂലൈ 18, യുഎപിഎ ഭേദഗതി ചര്‍ച്ച ചെയ്ത 2019 ജൂലൈ 24 എന്നിവയാണ് ആ ദിനങ്ങള്‍.

No comments