തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ശക്തനായ സ്വാമി പ്രസാദ് മൗര്യ ബിജെപിയില്‍ നിന്നും രാജി വച്ചിട്ടും യോഗിക്ക് കുലുക്കമില്ല, കാരണം ഇതോ..??
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും അദ്ദേഹത്തിന്റെ വിശ്വസ്തരായ മൂന്ന് എം എല്‍ എമാരും പാര്‍ട്ടി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
കിഴക്കന്‍ യു പിയിലെ ശക്തനായ ഒ ബി സി നേതാവായ മൗര്യയുടെ ഈ തീരുമാനം ബി ജെ പിക്ക് കനത്ത തിരിച്ചടിയാവും എന്നാണ് മാദ്ധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍
2016ല്‍ മായാവതിക്ക് എതിരെ ആരോപണമുന്നയിച്ച് ബി എസ് പി വിട്ട സ്വാമി പ്രസാദ് അനുയായികളോടൊപ്പം ബി ജെ പിയില്‍ ചേരുകയായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പം ബി.ജെ.പിയിലെത്തിയ ബ്രിജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ്മ, ഭഗവതി പ്രസാദ് സാഗര്‍ എന്നീ എം എല്‍ എമാരാണ് ഇപ്പോള്‍ ബി ജെ പി വിട്ടത്. കുറച്ച് നാളായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മൗര്യ സ്വരചേര്‍ച്ചയിലായിരുന്നില്ല. ബി ജെ പി നേതൃത്വം പ്രതീക്ഷിച്ച സംഭവങ്ങളാണ് ഇന്നലെ യു പിയിലുണ്ടായത്. അതിനാല്‍ തന്നെ നേതൃത്വത്തിന് ഈ തീരുമാനം അറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടായതുമില്ല.
കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യ മുഖ്യമന്ത്രിയായ യോഗിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. കുറച്ച് മാസങ്ങളായി മൗര്യക്ക് സംഘടനയിലും സര്‍ക്കാരിലും അതൃപ്തിയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ കക്ഷി യോഗത്തില്‍ അടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം നേരത്തെ ഒരു അവസരത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് വിപരീതമായി യോഗിയാണ് മുഖ്യമന്ത്രി എന്ന രീതിയില്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്രചരണം ആരംഭിച്ചത് മൗര്യയെ പ്രകോപിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മൗര്യയ്ക്ക് വിശ്വാസമില്ലെന്നും പ്രവര്‍ത്തന ശൈലിയില്‍ അമര്‍ഷമുണ്ടെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന്റെ ചില വിഷയങ്ങളില്‍ സ്വാമി പ്രസാദ് മൗര്യ ബിജെപി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിലും സ്വാമി പ്രസാദ് മൗര്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മൗര്യ ബി ജെ പി വിടാനുള്ള രണ്ടാമത്തെ കാരണമായി പറയപ്പെടുന്നത് സ്വാമി പ്രസാദ് മൗര്യ തന്റെ മകന്‍ അശോകിന് നിയമസഭയിലേക്കുള്ള ടിക്കറ്റ് ചോദിച്ചിരുന്നു എന്നതാണ്. എന്നാല്‍ ആ ആവശ്യം ബി ജെ പി കൈയോടെ തള്ളി. ഇദ്ദേഹത്തിന്റെ മകള്‍ സംഘമിത്ര മൗര്യ ബദൗണ്‍ ലോക്സഭാ സീറ്റില്‍ നിന്നുള്ള ബിജെപി എംപിയാണ്.
ഇനിയും രാജി ?
സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പുറമേ മന്ത്രിമാരടക്കം കൂടുതല്‍ പേര്‍ ബിജെപി വിടാന്‍ പോകുന്നുവെന്നും അവകാശവാദമുണ്ട്. ബി ജെ പി വിട്ട് എസ് പിയില്‍ ചേക്കേറിയ മൗര്യയുടെ പാത പിന്തുടരാന്‍ എത്രപേര്‍ ഉണ്ടാവുമെന്ന് വൈകാതെ അറിയാം. അസംതൃപ്തരായ മന്ത്രിമാരെയും എംഎല്‍എമാരെയും നിലനിര്‍ത്താന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ പാര്‍ട്ടിയിലെ അസംതൃപ്തരെ അനുനയിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
No comments