പഞ്ചാബ് കോണ്‍ഗ്രസ് നിലനിര്‍ത്തുമോ..?? എഎപി പിടിച്ചടക്കുമോ..?? ഫലമറിയാനുള്ള കാത്തിരിപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികൾ..!! ആശങ്കയിൽ ബിജെപിയും ക്യാപ്റ്റനും..
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെടുപ്പ് പൂര്‍ത്തിയായതോടെ ഫലമറിയാനുള്ള കാത്തിരിപ്പില്‍ രാഷ്ട്രീയ പാര്‍ടികള്‍.
മാര്‍ച് 10 നാണ് വോടെണ്ണല്‍. 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായി നടന്ന വോടെടുപ്പില്‍ 1304 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. 1209 പുരുഷന്‍മാരും 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഭരണകക്ഷിയായ കോണ്‍ഗ്രസും ആംആദ്മി പാര്‍ടിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്ബോള്‍ അധികാരത്തിലെത്താനുള്ള മാര്‍ഗമാണ് എ എ പി തേടുന്നത്. ഭഗവന്ത് സിങ് മന്‍ ആണ് ആം ആദ്മി പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പ്രചാരണത്തില്‍ വളരെ മുന്നിലായിരുന്ന ആംആദ്മി പാര്‍ടിക്ക് അവരുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കണ്ട ആവേശം വോടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ ഡെല്‍ഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത് അധികാരം പിടിക്കുക എന്ന ലക്ഷ്യവും പൂര്‍ത്തിയാക്കാനാകും.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിജെപി മത്സരിച്ചത്. ബി എസ് പിയുമായി ചേര്‍ന്നാണ് ശിരോമണി അകാലിദള്‍ മത്സരിച്ചത്. കോണ്‍ഗ്രസും ശിരോമണി അകാലിദളും മാറി മാറി ഭരിച്ച സംസ്ഥാനത്ത് ഇത്തവണ മാറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് സൂചന.
ഉള്‍പാര്‍ടി പ്രശ്നങ്ങള്‍ കാരണം അനായാസം ജയിച്ചുകയറേണ്ടിയിരുന്ന ഒരു സംസ്ഥാനത്ത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതിന് കോണ്‍ഗ്രസിന് സ്വയം പഴിക്കേണ്ടിവരികയും ചെയ്യും. പിസിസി അധ്യക്ഷന്‍ സിദ്ദുവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് പാര്‍ടി വിട്ടത്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു കോണ്‍ഗ്രസ് പരീക്ഷണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ചന്നിയെ തന്നെയാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി ജനവിധി തേടിയത്.
അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് സിദ്ദു മത്സരിച്ചത്. അമരീന്ദര്‍ സിങ് പാട്യാല മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി. ശിരോമണി അകാലിദളിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സുഖ്ബിര്‍ ബാദല്‍ ജലാലാബാദില്‍ നിന്ന് മത്സരിച്ചു . ശിരോമണി അകാലിദള്‍ സഖ്യത്തിലാണ് ബിജെപി പഞ്ചാബില്‍ മത്സരിച്ചിട്ടുള്ളതും അധികാരത്തിന്റെ ഭാഗമായിട്ടുള്ളതും. എന്നാല്‍ കാര്‍ഷിക ബിലിനെ തുടര്‍ന്ന് സഖ്യത്തില്‍ നിന്ന് ശിരോമണി അകാലിദള്‍ പിരിയുകയായിരുന്നു.
No comments