Breaking News

തോല്‍വിയിലും തലയുയര്‍ത്തി ഇന്ത്യയുടെ പുലിക്കുട്ടികള്‍


ന്യൂഡല്‍ഹി: അണ്ടര്‍-17 ലോകകപ്പില്‍ കൊളംബിയയ്ക്കെതിരെ പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തി തന്നെയാണ് ഇന്ത്യ മടങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഗോള്‍ നേടിയത് കൊണ്ട് മാത്രമല്ല ഗോളി ധീരജ് സിംഗും ഇന്ത്യയുടെ പ്രതിരോധ-മുന്നേറ്റ നിരകളുടെ മികച്ച പ്രകടനവും തങ്ങളെ എഴുതി തള്ളാന്‍ പറ്റുന്ന ടീമല്ല എന്ന് തെളിയിക്കുന്നതായിരുന്നു.

കൊളംബിയയ്ക്കെതിരെ 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. യുവാന്‍ പെനലോസയുടെ ഇരട്ടഗോളുകളാണ് കൊളംബിയന്‍ വിജയത്തിന്റെ ഹൈലറ്റ്. മണിപ്പൂരുകാരന്‍ ജീക്സണ്‍ സിംഗ് തൗങ്ജാമിലുടെയാണ് ഇന്ത്യ ആദ്യ ലോകകപ്പ് ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇരുടൂമുകള്‍ക്കും ഗോളുകളൊന്നും നേടാന്‍ സാധിച്ചില്ല.

മികച്ച അവസരങ്ങള്‍ ഉണ്ടായിട്ടും നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഗോള്‍ നേടാന്‍ സാധിക്കാതിരുന്നത്. മലയാളി താരം രാഹുലിന്റെ മികച്ച ഒരു ഷോട്ട് കൊളംബിയയുടെ പോസ്റ്റില്‍ തട്ടിയാണ് മടങ്ങിയത്. കൊളംബിയുടെ മികച്ച മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ നിരയും മികച്ച സേവിലൂടെ ഗോളി ധീരജ് സിഗും തടഞ്ഞതോടെ ആദ്യ പകുതിയില്‍ ഗോള്‍ അകന്ന് നിന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധ നിരയെ തകര്‍ത്ത് യുവാന്‍ പെനലോസ കൊളംബിയയുടെ ആദ്യ ഗോള്‍ നേടി. മധ്യവരയില്‍ നിന്നെത്തിയ പന്തിന് ഗോളിലേക്ക് വഴികാട്ടി പെനലോസയാണ് കൊളംബിയയ്ക്ക് ലീഡ് നല്‍കുകയായിരുന്നു.

മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യ 82ആം മിനിറ്റിലാണ് ആ ചരിത്രനിമിഷത്തിന് വഴിതുറന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ ജിക്സന്‍ സിംഗ് നേടി. കോര്‍ണറില്‍ നിന്നും സഞ്ജീവ് സ്റ്റാലിന്‍ ഉയര്‍ത്തിവിട്ട പന്തിന് ജീക്സന്‍ തലകൊണ്ടു ഗോളിലേക്കു വഴികാട്ടുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആഘോഷങ്ങള്‍ക്ക് ഒരു മിനിറ്റിന്റെ പോലും ആയുസ് ഉണ്ടായിരുന്നില്ല. ഗോളാവേശത്തില്‍ മതിമറന്ന ഇന്ത്യയ്ക്ക് യുവാന്‍ പെനലോസയുടെ രണ്ടാം ഗോളിലൂടെ കൊളംബിയ മറുപടി നല്‍കി.

No comments