നടിയെ ആക്രമിച്ചക്കേസില്‍ വെള്ളിയാഴ്ച കുറ്റപത്രം; ദിലീപ് രണ്ടാം പ്രതി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് സൂചന. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനിയും സംഘവും കൃത്യംചെയ്തതെന്ന ഉള്ളടക്കത്തോടെ ദിലീപിനെ രണ്ടാംപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.
ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ പേരിലുള്ള ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിലും ചുമത്തിയിട്ടുണ്ട്. പുറത്തുവരാത്ത നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് സമര്‍പ്പിക്കുക.
ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. മജിസ്ട്രേട്ടിനു മുന്നില്‍ പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരടക്കം 16 പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ നിര്‍ണായകമാകും. രഹസ്യമൊഴികള്‍, കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചവയാണ്.
ബലാത്സംഗത്തിനു പുറമെ, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഐടി ആക്‌ട്പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയും ദിലീപില്‍ ചുമത്തും. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനിടയുള്ള പ്രതികളുടെ സ്വാധീനവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും അന്വേഷണസംഘം ഉന്നയിക്കുമെന്നാണ് വിവരം.

No comments