Breaking News

വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം, വാഹനം തടഞ്ഞു



 ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം കടല്‍തീരത്ത് മത്സ്യത്തൊഴിലാളികളെ കാണാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധം. ദുരന്തമുണ്ടായി ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. മുഖ്യമന്ത്രി സംസാരിച്ച്‌ മടങ്ങുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഒരു കൂട്ടം ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയും വാഹനത്തില്‍ അടിക്കുകയും ചെയ്തു. ഇതിനിടയില്‍ നിന്നും ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറ്റിയത്. പിന്നീട് കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി ഇവിടെ നിന്നും മടങ്ങിയത്.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പമാണ്. ഇനിയും വേണ്ടത് ചെയ്യും. തിരച്ചില്‍ സംഘങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപ്പള്ളഇ സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, ജില്ലാ കളക്ടര്‍ കെ.വാസുകി എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.

ദുരന്തമുണ്ടായിട്ടും നേരത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ക്രമീകരിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ മറ്റ് മന്ത്രിമാര്‍ക്ക് നേരെയും പ്രതിഷേധവുമായി എത്തി.

No comments