ആദ്യ ജയവും, ആദ്യ ഗോളും ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് , ഇന്ന് കൊച്ചിയിൽ ആവേശപ്പോരട്ടം
.
മുംബൈ സിറ്റിക്കെതിരെ മൂന്നാമത്തെ ഹോം മത്സരത്തിനിറങ്ങുമ്ബോള്‍ ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നത് മിന്നുന്ന വിജയത്തിന് വേണ്ടിയാണ്. ജയം അല്ലാതെ മറ്റൊന്നും ബ്ലാസ്റ്റേഴ്സിന് മുന്നിലില്ല. രാത്രി എട്ടു മണിക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ പോരാട്ടം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രണ്ട് സമനിലയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം ആഘോഷിക്കാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍.
രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിനിപ്പോള്‍ രണ്ടു പോയിന്റ് മാത്രമാണുള്ളത്. ഒരു വിജയവും രണ്ടു തോല്‍വിയുമായി മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് മൂന്നു പോയിന്റുണ്ട്.
ബെംഗളുരുവിനോട് രണ്ടു ഗോളിനും പൂനെയോട് 2-1നുമായിരുന്നു അവരുടെ തോല്‍വി. ഗോവയെ 2-1ന് തോല്‍പ്പിക്കുകയും ചെയ്തു.
മാറ്റങ്ങളോടെയാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ കളിക്കാനെത്തും. സ്റ്റോപ്പര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന ബ്രൗണിനെ മിഡ്ഫീല്‍ഡില്‍ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തിലും ജിങ്കാനും നെമഞ്ചാലാകിക്കും ചേര്‍ന്ന് പ്രതിരോധത്തെ ശക്തമായി കാത്തു എന്നതാണ് പരിശീലകനെ മാറ്റത്തിന് ധൈര്യപ്പെടുത്തുന്നത്.
അരാട്ടാ ഇസുമിയെ മിഡ്ഫീല്‍ഡിലേക്ക് കൊണ്ടു വന്നേക്കും. ഹ്യൂമിന് കൂടുതല്‍ സ്വതന്ത്രമായി കളിക്കാനുള്ള അവസരവും നല്‍കും. ബെര്‍ബെറ്റോവിനെ മുന്നില്‍ നിര്‍ത്തിയായിരിക്കും പരിശീലകന്‍ ടീമിനെ ഒരു പക്ഷേ വിന്യസിക്കുക. ആക്രമണാത്മകമായൊരു തന്ത്രത്തിനായിരിക്കും ഊന്നല്‍ നല്‍കുക.
മുംബൈയുടെ ഡിഫന്‍സില്‍ റുമാനിയന്‍ താരമായ ലൂസിയാന്‍ഗോയിനും ബ്രസീലിയന്‍ താരങ്ങളായ മാര്‍സിയോ റൊസാരിയോ, ജര്‍സന്‍ വിയേര എന്നിവരും കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഫ്ളെമിംഗോ താരവും ബ്രസീലിയനുമായ തിയാഗോ സാന്റോസ് നയിക്കുന്ന മധ്യനിരയും മികച്ചതാണ്. ബ്രസീലില്‍ നിന്നു തന്നെയുള്ള ലിയോ കോസ്റ്റ, കാമറൂണ്‍ താരം അച്ചിലി എമേന, ഇന്ത്യന്‍ താരം സഞ്ജു പ്രധാന്‍ എന്നിവര്‍ കൂടിച്ചേരുമ്ബോള്‍ അപകടകരമായ നീക്കങ്ങള്‍ നടത്താന്‍ മുന്നേറ്റനിരയ്ക്ക് ആത്മവിശ്വാസം കൂടും. അരിന്ദം ഭട്ടാചാര്യ കാക്കുന്ന വലയും ഭദ്രമാണ്. ഐഎസ്‌എല്‍ നാലാം സീസണില്‍ കളിക്കുന്ന മികച്ച ടീമാണ് മുംബൈ എന്നകാര്യം ബ്ലാസ്റ്റേഴ്സില്‍ നിന്ന് കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ആരും പരുക്കിന്റെ പിടിയിലുമല്ല. ഇതും അവര്‍ക്കാശ്വാസമാണ്.
പൂനെയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ ലൈന്‍സ് റഫറിയെ തള്ളിയതിന് മുംബൈ സഹപരിശീലകന്‍ ജൂലിയോ ഫൊണ്ടോനയ്ക്ക് നാലു മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അവരെ തളര്‍ത്താന്‍ പോന്ന കാര്യങ്ങളല്ല. ചുരുക്കത്തില്‍ ഒട്ടും അനായാസമായൊരു പണിക്കല്ല ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെന്ന് വ്യക്തം. എങ്കിലും ബാസ്റ്റേഴ്സിന്റെ ആദ്യഗോള്‍ മുംബൈയുടെ വലയിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.







No comments