സി.കെ വിനീതില്ലാതെ ഗോവ കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സ്, പുതിയ രൂപത്തിൽ
സ്വന്തം മണ്ണും ആരാധകരുമൊരുക്കുന്ന സുരക്ഷിത്വത്തില്‍നിന്ന് മാറി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ആദ്യ എവേ മത്സരത്തിനിറങ്ങുന്നു. ഫത്തോര്‍ഡ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ആക്രമണഫുട്ബോളിന്റെ വക്താക്കളായ എഫ്.സി. ഗോവയാണ് എതിരാളി. രാത്രി എട്ടുമണിക്കാണ് മത്സരം.
വിനീതില്ലാതെ ബ്ലാസ്റ്റേഴ്സ്
മുംബൈയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട സി.കെ. വിനീത് പുറത്തിരിക്കുമ്ബോള്‍ ആദ്യ ഇവലവന്‍ കേരളടീമിന് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. ഓരോമത്സരം കഴിയുന്തോറും ടീം മെച്ചപ്പെടുന്നതാണ് പരിശീലകന്‍ റെനെ മ്യൂലെന്‍സ്റ്റീന് അത്മവിശ്വാസം പകരുന്ന ഘടകം.
ആദ്യ എവേ മത്സരമായതിനാല്‍ വിജയത്തെക്കാള്‍ പരാജയമൊഴിക്കാനുള്ള തന്ത്രങ്ങളാകും ടീമിന്. അങ്ങനെയാണെങ്കില്‍ കറേജ് പെക്കുസന്റെ സ്ഥാനത്ത് വെസ് ബ്രൗണ്‍ ടീമിലെത്താനാണ് സാധ്യത.
ബ്രൗണിനെയും അരാത്ത ഇസൂമിയെയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിപ്പിക്കും. മിലന്‍സിങ്-ബെര്‍ബറ്റോവ്-ജാക്കിചന്ദ് സിങ്ങായിരിക്കും അറ്റാക്കിങ് മിഡ്ഫില്‍ഡില്‍. മറിച്ച് ജയം ലക്ഷ്യമിട്ട് മാത്രമാണ് കളിയെങ്കില്‍ പെക്കുസന്‍ ആദ്യ ഇലവനിലെത്തും. വിനീതിന് പകരം മിലന്‍ സിങ് വരും. പെക്കൂസന്‍ വിങ്ങറുടെ റോളിലായിരിക്കും. ബോക്സ് ടു ബോക്സ് കളിക്കുന്ന ബെര്‍ബയുടെ മികച്ച ഫോമാണ് ടീമിന് പ്രതീക്ഷ നല്‍കുന്ന ഘടകം. മുന്നേറ്റത്തില്‍ മാര്‍ക് സിഫിനിയോസ് തിളങ്ങുന്നുണ്ട്. മറ്റ് പൊസിഷനുകളില്‍ കാര്യമായ മാറ്റമുണ്ടാകില്ല. മൂന്ന് കളികളില്‍നിന്ന് മൂന്ന് പോയന്റാണ് ടീമിനുള്ളത്.
നാല്‍വര്‍സംഘം
മൂന്ന് കളികളില്‍ രണ്ട് ജയം നേടിയ ഗോവ മിന്നുന്ന ഫോമിലാണ്. സീക്കോയുടെ പിന്‍ഗാമിയായെത്തിയ സെര്‍ജിയോ ലോബെറോയും ആക്രമണ ഫുട്ബോളാണ് കളിക്കുന്നത്. 4-5-1 ഫോര്‍മേഷനില്‍ കളിക്കുന്നടീമിന്റെ ഏറ്റവും വലിയ ശക്തി ഫെറാന്‍ കോറോമിനാസ്-മാനുവല്‍ ലാന്‍സറോട്ടെ-മന്ദര്‍റാവു ദേശായ്-ബ്രണ്ടന്‍ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ നാല്‍വര്‍ സംഘമാണ്. നിരന്തരമായ ആക്രമണം സംഘടിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും. മന്ദറും ബ്രണ്ടനും വിങ്ങുകളിലൂടെയും പടര്‍ന്നുകയറുമ്ബോള്‍ കോറോ ക്ലിനിക്കല്‍ ഫിനിഷറാണ്. ലാന്‍സറോട്ടെ സപ്പോര്‍ട്ടിങ് സ്ട്രൈക്കറുടെ റോള്‍ ഭംഗിയാക്കുന്നു.
പ്രതിരോധത്തില്‍ വരുന്ന പാളിച്ചകളാണ് ടീമിന്റെ ദൗര്‍ബല്യം. ബ്രൂണോ പിനീറോയും മുഹമ്മദ് അലിയും കളിക്കുന്ന സെന്‍ട്രല്‍ ഡിഫന്‍സ് അത്ര ശക്തമല്ല. വിങ്ങുകളിലൂടെ വരുന്ന ആക്രമണത്തെ പ്രതിരോധിക്കാനുള്ള കെല്‍പ്പും ടീമിനില്ല. എന്നാല്‍, പ്രതിരോധത്തിലെ പാളിച്ചകളെ മറികടക്കാന്‍ കഴിയുംവിധമാണ് ടീമിന്റെ അക്രമണതന്ത്രങ്ങള്‍.




No comments