ഞങ്ങള്‍ സ്വന്തം കളിയാണ് നോക്കുന്നത്, മറ്റുള്ളവരുടേതല്ല-ബെര്‍ബറ്റോവ്.
ഞങ്ങള് സ്വന്തം കളിയാണ് നോക്കുന്നത്, മറ്റുള്ളവരുടേതല്ല-ബെര്‍ബറ്റോവ്.
തങ്ങള്‍ മറ്റു ടീമുകളുടെ കളി എങ്ങനെയുണ്ടെന്നതിലല്ല സ്വന്തം കളി എത്രത്തോളം മെച്ചപ്പെടുത്താമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിതര്‍ ബെര്‍ബറ്റോവ്. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബെര്‍ബറ്റോവ്. ടൂര്‍ണമെന്റിലെ മറ്റു ടീമുകളെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബെര്‍ബയുടെ പ്രതികരണം.
എവിടെയൊക്കെ നമുക്ക് മെച്ചപ്പെടുത്താനുണ്ട്, എവിടെയൊക്കെയാണ് കൂടുതല്‍ അധ്വാനിക്കേണ്ടത്, എങ്ങനെ പിഴവുകള്‍ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് ഞാന്‍ ശ്രദ്ധയൂന്നുന്നത്. തീര്‍ച്ചയായും എതിര്‍ ടീമിനെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ സ്വയം മെച്ചപ്പെടുത്തുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത് - ബെര്‍ബ പറഞ്ഞു.
പരിക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഡോക്ടറോട് ചോദിക്കണമെന്നായിരുന്നു ബെര്‍ബയുടെ ആദ്യ പ്രതികരണം. ഞാന്‍ എപ്പോഴും ഫുട്ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എത്രയും വേഗത്തില്‍ കളത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, നമുക്ക് റിസ്ക് എടുക്കാനുമാകില്ലെന്നും മുപ്പത്തിയാറുകാരനായ ബള്‍ഗേറിയന്‍ താരം കൂട്ടിച്ചേര്‍ത്തു.
റിട്ടയര്‍മെന്റിനു ശേഷം പരിശീലകനാകുന്നതിനെ കുറിച്ചും ബെര്‍ബറ്റോവ് പ്രതികരിച്ചു. കോച്ച് ആകുന്നത് എളുപ്പമുള്ള കാര്യമല്ല. ഏറെ സമ്മര്‍ദമുള്ള ജോലിയാണത്. നിങ്ങള്‍ക്ക് ഫുട്ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. കുടുംബത്തെ പോലും രണ്ടാമതേ പരിഗണിക്കാനാവൂ. ഒരു കോച്ച് ആവുകയാണെങ്കില്‍ ഞാനതിന് പറ്റിയ ആളാണെന്ന് എനിക്ക് തെളിയിക്കേണ്ടിവരും. ചിലപ്പോള്‍ ഞാന്‍ നാളെ ഒരു കോച്ചായേക്കാം. ഇപ്പോള്‍ കഴിയുന്നത്ര കളിക്കുക എന്നതാണെന്റെ ലക്ഷ്യം-ബെര്‍ബറ്റോവ് വ്യക്തമാക്കി.


No comments