പാര്‍വതിയോടുള്ള കലിപ്പ്; പൃഥ്വി ചിത്രത്തിനെതിരെ 'ഡിസ്ലൈക്ക് ആക്രമണം'
കേസും അറസ്റ്റും കൊണ്ടൊന്നും നടി പാര്‍വതിക്കെതിരായ ആക്രമണത്തിന് അറുതിയാവുന്നില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങള്‍ക്ക് പുറമെ എതിര്‍പ്പ് പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കെതിരെയും തിരിയുന്നു.
പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ 'മെ സ്റ്റോറി'യിലെ 'പതുങ്ങി' എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയോടും ടീസറിനോടുമാണ് ഇപ്പോള്‍ ഒരു വിഭാഗം രോഷം തീര്‍ക്കുന്നത്.
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് ഡിസ്ലൈക്കുകള്‍ നല്‍കിയാണ് ആക്രമണം നടക്കുന്നത്. കൂടുതല്‍ പേരെ ഡിസ്ലൈക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചും മാന്യതയുടെ സീമ ലംഘിക്കുന്ന കമന്റുകളിട്ടും ആക്രമണം ശക്തമാണ്.
ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.
വീഡിയോയ്ക്ക് താഴെയും പാര്‍വതിക്കെതിരെയുള്ള കമന്റുകളാണ്. ഈ ഡിസ്ലൈക്കുകള്‍ ഒന്നും ഈ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെയാണെന്ന് വ്യക്തമാക്കിയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. പാര്‍വതി അഭിനയിച്ചതിനാല്‍ ഈ ചിത്രം കാണില്ലെന്നും അതിനാല്‍ പൃഥ്വിരാജിനോട് ക്ഷമ ചോദിച്ചിരിക്കുന്നവരും ഉണ്ട്.
ഇരുപത്തിരണ്ടാമത് ചലച്ചിത്രോത്സവത്തോടനുബന്ധിച്ച ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്കെതിരെ വന്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനെ തുടര്‍ന്ന് പാര്‍വതി കൊടുത്ത പരാതിയില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.




No comments