Breaking News

പുതുവര്‍ഷത്തലേന്ന് നാണംകെട്ട് ബ്ലാസ്റ്റേഴ്സ്



 പുതുവര്‍ഷാഘോഷത്തിന് വെടിമരുന്നുമായെത്തിയ കൊച്ചിക്കാരെ കണ്ണീരിലാഴ്ത്തി സ്വന്തം മഞ്ഞപ്പടം. സ്വന്തം തട്ടകത്തില്‍, ആര്‍ത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നില്‍ നാണംകെട്ട തോല്‍വിയാണ് പുതുവര്‍ഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളിലാണ് ബെംഗളൂരു ആദ്യം ലീഡ് നേടിയത്. അറുപതാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിംഗന്റെ ഒരു ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്.




മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പിന്നീടുള്ള ഗോള്‍മഴ. തൊണ്ണൂറാം മിനിറ്റില്‍ ഇരട്ട ഗോളോടെ മിക്കു ആതിഥേയരെ ശരിക്കും നാണംകെടുത്തി. പ്രതിരോധനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന നിമിഷങ്ങളില്‍ അവിശ്വസനീയമായ രീതിയിലായിരുന്നു മിക്കുവിന്റെ ഗോളുകള്‍.

അവസാന വിസിലിന് തൊട്ടു മുന്‍പ് പെക്യുസണ്‍ ഒരു മടക്കി നേരിയ ആശ്വാസം സമ്മാനിച്ചു ബ്ലാസ്റ്റേഴ്സിന്.

ഏഴ് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്. എട്ട് കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തേയ്ക്കുയര്‍ന്നു.

ബെംഗളൂരുവിനായിരുന്നു കളിയില്‍ മേധാവിത്വം. ആദ്യം ആക്രമണങ്ങള്‍ കരുപ്പിടിപ്പിച്ചതും സന്ദര്‍ശകര്‍ തന്നെ. നല്ല ഒന്നാന്തരം അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. എന്നാല്‍, അതൊന്നും ഗോളാക്കാന്‍ അവരുടെ സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല. ബെംഗളൂരുവിന്റെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര പാടുപെടുന്നതാണ് തുടക്കത്തില്‍ കണ്ടത്.

ഹംഗലില്‍ നിന്ന് പെക്യുസന് പന്ത് ലഭിച്ചു. ഇടതുപാര്‍ശ്വത്തിലൂടെ മുന്നേറിയ പെക്യുസന്‍ പന്ത് സിഫ്നിയോസിന് കൈമാറി. സിഫ്നിയോസിന്റെ ശക്തമായ ഇടങ്കാലന്‍ ഷോട്ട് പുറത്ത് പോയി. ഇരുപത്തിയെട്ടാം മിനിറ്റില്‍ സിഫ്നിയോസ് സുന്ദരമായൊരു അവസരം പാഴാക്കി. ബോക്സില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് സ്വന്തം കൈയില്‍ ഇടിച്ച്‌ പാഴായി.

മലയാളി താരങ്ങളായ സി.കെ.വിനീതിനെയും റിനോ ആന്റോയേയും ബെര്‍ബറ്റോവിനെയും കൂടാതെയാണ് ബ്ലാസ്റ്റേഴ് കളിച്ചത്.

ടീം: കേരള ബ്ലാസ്റ്റേഴ്സ്: സുഭാഷിഷ് റോയി (ഗോളി), നെമഞ്ജ ലാകിച്ച്‌, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, സിയാം ഹാംഗല്‍, ജാക്കിചാന്ദ് സിങ്, സന്ദേശ് ജിംഗന്‍, സാമ്വല്‍ ഷാഡെപ്, മാര്‍ക്ക് സിഫ്നിയോസ്, ലാല്‍റത്താര, പെകുസണ്‍.

ബെംഗളൂരു എഫ്.സി: ഗുര്‍പ്രീത് സിങ് (ഗോളി), രാഹുല്‍ ബെക്കെ, യുവാന്‍ മിക്കു, ഹര്‍മന്‍ജ്യോത് ഖാബ്ര, സുനില്‍ ഛേത്രി, എഡു ഗാര്‍ഷ്യ, ഡിമാസ് ഡെല്‍ഗാഡോ, സുഭാശിഷ് ബോസ്, എറിക് പാര്‍ടാലു, ഉദാന്ത സിങ്.


No comments