Breaking News

മീനുകള്‍ മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നുണ്ടോ? ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ



ഓഖി ദുരന്തത്തെ തുടര്‍ന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ലാതായി മാറിയെന്ന സോഷ്യല്‍മീഡിയ പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ ഭക്ഷിക്കുന്നവയല്ലെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

ചാള, അയല, കൊഴുവ തുടങ്ങിയ മത്സ്യങ്ങള്‍ ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ ഭക്ഷിക്കില്ല.
സസ്യ, ജൈവ പ്രവകങ്ങളെ ചെകിളയിലൂടെ എത്തുന്ന ജലം ഉപയോഗിച്ച്‌ അരിച്ചു ശുദ്ധമാക്കിയാണ് ഇവ ഭക്ഷിക്കുന്നത്. കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.



ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ടാവാമെന്ന പേരിലാണ് വ്യാജപ്രചാരണം നടക്കുന്നത്. ഈ മീനുകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.


നത്തോലി, അയക്കൂറ, മോദ, ശിലാവ്, നെയ്മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഇരയെ കണ്ടെത്തി ആക്രമിച്ചു കീഴടക്കുകയാണ് ചെയ്യുന്നത്. ജീവനുള്ളവയെയാണ് ഇവ ആഹാരമാക്കുന്നത്.

അതേസമയം, ചിലയിനം സ്രാവുകള്‍ മൃതദേഹം ഭക്ഷിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇത്തരം സ്രാവുകളെ കേരള തീരങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

No comments