ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്നിയോസ് ഗോവയ്ക്കൊപ്പം?
ബ്ലാസ്റ്റേഴ്സ് ആരാധകരെ ചതിച്ചാണോ സിഫ്നിയോസ് ടീം വിട്ടത്?ഇതാണ് ആരാധകര്‍ക്ക് ഇപ്പോള്‍ ചോദിക്കാനുള്ളത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഗോള്‍ നേടിയ സൂപ്പര്‍ താരം സിഫ്നിയോസ് ടീം വിടുന്നെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്.
മികച്ച പ്രകടനവമൊന്നും താരം അധികം പുറത്തെടുത്തില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് നിരയില്‍ തിളങ്ങി നിന്ന താരം പരിശീലകനായിരുന്ന മ്യൂളെന്‍സ്റ്റീന്‍ ടീം വിട്ടതിനു പിന്നാലെ കരാര്‍ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
ഡച്ച് ക്ലബുമായി കരാറിലേര്‍പ്പെതിനാലാണ് ടീം വിടുന്നതെന്നു മാനേജ്മെന്റ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മ്യൂളെന്‍സ്റ്റിനിന്റെ മടക്കമാണ് താരത്തെയും പിന്തിരിയാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു പരക്കെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.
ഇത് ശരി വയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും.
ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്ത സിഫ്നിയോസ് മറ്റൊരു ഐഎസ്‌എല്‍ ക്ലബായ എഫ്സി ഗോവയുമായി കരാറൊപ്പിടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തെ റിലീസ് ചെയ്തത് മാനേജ്മെന്റുമായുള്ള പ്രശ്നങ്ങള്‍ മൂലമാണെന്ന വാദം ഇതോടെ ശക്തമായി. മാനേജ്മെന്റിനെതിരെയും ആരാധക രോഷം കത്തുകയാണ്.
ഗോവ നിരയിലുണ്ടായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ കൊലുങ്കയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സിഫ്നിയോസിനെ എഫ്സി ഗോവ പരിഗണിക്കുന്നത്. ലാസ് പാമസ്, റയല്‍ സരഗോസ, സ്പോര്‍ട്ടിങ് ഗിജോണ്‍, ഗറ്റാഫെ, ഗ്രാനഡ എന്നീ ക്ലബ്ബുകള്‍ക്കായിറങ്ങിയ കൊലുങ്കയ്ക്ക് ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.





No comments