Breaking News

രണ്ടുതാരങ്ങള്‍ കൂടി പുറത്തേക്ക്; ടീമില്‍ വന്‍ അഴിച്ചുപണി ? ; 48 മണിക്കൂറിനുള്ളിൽ പുതിയ താരങ്ങളുടെ സൈനിങ്



ഐ.എസ്.എല്‍. സീസണ്‍ നാലില്‍ തിരിച്ചടി നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ വന്‍ അഴിച്ചുപണിക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്. മാര്‍ക്ക് സിഫ്നിയോസിനു പുറമേ മറ്റു രണ്ടു വിദേശ താരങ്ങള്‍ കൂടി ടീം വിടുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.



ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടു വിദേശ താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമില്‍ എത്തിക്കാനാണ് നീക്കം.
സിഫ്നിയോസ് ടീം വിടാന്‍ തീരുമാനമെടുക്കും മുമ്ബേ ഒരു വിദേശ താരം ഉടന്‍ ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഫോമില്ലാതെ വലയുന്ന ബള്‍ഗേറിയന്‍ ഇതിഹാസം ദിമിതര്‍ ബെര്‍ബറ്റോവുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാനേജ്മെന്റ് താല്‍പര്യപ്പെടുന്നുവെന്നും സൂചനകള്‍ ലഭിച്ചിരുന്നു.


അതിനിടയിലാണ് സിഫ്നിയോസ് കടുത്ത തീരുമാനം കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ പരുക്കും ഫോമില്ലായ്മയും കാരണം ടീമിന് പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്ന രണ്ടു താരങ്ങളെക്കൂടി ഒഴിവാക്കി പുതിയ വിദേശ താരങ്ങളെ എത്തിക്കാനാണ് ശ്രമം.


രാജ്യാന്തര ട്രാന്‍സ്ഫര്‍ വിപണി തുറന്നതിനേത്തുടര്‍ന്നാണ് മാനേജ്മെന്റ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും സൂചനയുണ്ട്. ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നിരിക്കും.

ഈ സമയത്ത് നിലവില്‍ വിദേശ ലീഗുകളില്‍ കളിക്കുന്ന താരങ്ങളെ എത്തിച്ച്‌ ടീം പുതുക്കിപ്പണിയാനാണ് കോച്ച്‌ ഡേവിഡ് ജയിംസിന്റെയും മാനേജ്മെന്റിന്റെയും താല്‍പര്യം. ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും ഈ നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്നും സൂചനയുണ്ട്.


സീസണില്‍ 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും മൂന്നു ജയങ്ങള്‍ മാത്രമായി 14 പോയിന്റോടെ ഏഴാം സ്ഥാനത്താണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍.
സീസണില്‍ നോക്കൗട്ടിലേക്ക് കടക്കണമെങ്കില്‍ ഇനി ശേഷിക്കുന്ന ആറു മത്സരങ്ങളും ജയിച്ചേ തീരൂയെന്ന സ്ഥിതിയാണ് ബ്ലാസ്റ്റേഴ്സിന്. എന്നാല്‍ ടീമിലെ പലരും പരുക്കും മോശം ഫോമും കാരണം വലയുകയാണ്.

ബെര്‍ബറ്റോവിനു പുറമേ ഉഗാണ്ടന്‍ യുവതാരം കിസിറ്റോ കിസിറോണ്‍, മലയാളി താരം റിനോ ആന്റോ എന്നിവരും പരുക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ ജീവന്മരണപ്പേരാട്ടത്തിനിറങ്ങാന്‍ പുതിയ താരങ്ങള്‍ കൂടിയേ തീരൂയെന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സ്.


No comments