Breaking News

നില്‍മര്‍ പുറപ്പെട്ടു കഴിഞ്ഞു, മഞ്ഞപ്പടയ്ക്കൊപ്പം ചേരാനല്ലാതെ പിന്നെ എങ്ങോട്ടാണ്?




ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയെ ശക്തമാക്കാന്‍ ഡേവിഡ് ജെയിംസ് ബ്രസീലിയന്‍ മുന്‍ താരം നില്‍മറെ മഞ്ഞപ്പടയിലേക്ക് എത്തിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. പക്ഷേ നില്‍മര്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു...മഞ്ഞപ്പടയിലേക്കല്ലാതെ പിന്നെ എങ്ങോട്ട് പോകാനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്...



ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നില്‍മറുടെ ചിത്രമാണ് ഇപ്പോള്‍ മഞ്ഞപ്പടയുടെ ആരാധകരുടെ കൈകളിലേക്ക് എത്തുന്നത്. സ്ഥിരീകരണം ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്സ് നിരയ്ക്കൊപ്പം ചേരുന്നതിനായിട്ടാണ് നില്‍മറിന്റെ വരവെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു.


2011ല്‍ വിരമിക്കുന്നതിന് മുന്‍പ് എട്ട് വര്‍ഷമായിരുന്നു നില്‍മര്‍ ബ്രസീലിനായി കളിച്ചത്. 2009ലെ ഫിഫ കോണ്‍ഫഡറേഷന്‍ കപ്പ് ജയത്തിന്റെ സമയത്തും നില്‍മര്‍ ടീമിലുണ്ടായിരുന്നു. ലിയോണിനായും വില്ലാറയലിനായും നില്‍മര്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങളുടെ ക്വാട്ട കഴിഞ്ഞതോടെ ബെര്‍ബറ്റോവിനെ ഒഴിവാക്കിയാവും നില്‍മറിന് മാനേജ്മെന്റ് സ്ഥാനം ഒരുക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.



 വിങ്സിലൂടെ പോസ്റ്റിലേക്ക് നില്‍മര്‍ മുന്നേറി വരുന്നതോടെ കേരളത്തിന്റെ ആക്രമണത്തിന്റെ കരുത്ത് വര്‍ധിക്കും. എന്നാല്‍ തന്റെ മികച്ച ഫോമിലല്ല നില്‍മര്‍ എന്നത് മഞ്ഞപ്പടയുടെ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.



നില്‍മറെ ഐഎസ്‌എല്ലിലെ ടോപ് സ്ട്രൈക്കര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഡേവിഡ് ജെയിംസിന് കഴിഞ്ഞാല്‍ ആദ്യമായി കിരീടം ചൂടാനുള്ള വഴിയും ബ്ലാസ്റ്റേഴ്സിന് തെളിഞ്ഞുവരും. ബ്ലാസ്റ്റേഴ്സിന് ഏറെ പ്രിയപ്പെട്ട പുള്‍ഗയും ടീമിനൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ സത്യമാവുകയാണെങ്കില്‍ പ്ലേഓഫിലേക്ക് ബ്ലാസ്റ്റേഴ്സിന് വാതില്‍ തുറക്കുമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു.


No comments