മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവെച്ചത് എന്തിന്?
ഓള് ട്രാഫഡിലെ ആര്‍ത്തിരമ്ബുന്ന ആയിരകണക്കിന് ചെങ്കുപ്പായക്കാര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം പതിനാറ് വര്‍ഷം ഏറ്റുവാങ്ങിയവനായിരുന്നു റെനെ മ്യൂലന്‍സ്റ്റീന്‍. എന്നാല്‍ കേവലം ഏഴ് കളികളില്‍ മഞ്ഞകുപ്പായക്കാര്‍ സൃഷ്ടിച്ച ആരാധനയുടെ അതിസമ്മര്‍ദം താങ്ങാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകപട്ടം ഡച്ച് പരിശീലകന് കൈമോശം വന്നു പോകുന്നു.
അന്ന് ഓള്‍ഡ് ട്രാഫഡില്‍ അലക്സ് ഫെര്‍ഗുസനെന്ന പരിശീലകരുടെ ഇതിഹാസത്തിന് പിന്നിലെ സുരക്ഷിത താവളത്തിലിരുന്നാണ് റെനെ ഫസ്റ്റ് ടീം കോച്ചെന്ന നിലയില്‍ ടീമിനെ ഒരുക്കിയത്.
സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഫെര്‍ഗിയെന്ന ഉറപ്പുള്ള മതില്‍ മുന്നിലുണ്ടായിരുന്നു. കൊച്ചിയില്‍ അത്തരമൊന്നില്ലായിരുന്നു.
സൂപ്പര്‍ ലീഗിലെ ഏഴ് കളികളില്‍ നിന്ന് തന്നെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് റെനെയും വേറെ വഴിയില്ലെന്ന് ബ്ലാസ്റ്റേഴസ് മാനേജ്മെന്റും മനസിലാക്കിയതോടെ വേര്‍പിരിയല്‍ അനിവാര്യമായി.
ചരിത്രം പലരൂപത്തിലും ആവര്‍ത്തിക്കും. ആദ്യ സീസണില്‍ റണ്ണറപ്പായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാം സീസണില്‍ സ്വാഭാവികമായും മോഹം കിരീടത്തിനായിരുന്നു. പരിശീലകനായി വന്ന ഇംഗ്ലീഷുകാരന്‍ പീറ്റര്‍ ടൈയ്ലറിന് നാല് കളികൊണ്ട് തന്നെ കാര്യം പിടികിട്ടി. മാനേജ്മെന്റുമായി ധാരണയുണ്ടാക്കി ടെയ്ലര്‍ കളമൊഴിഞ്ഞു.മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും റണ്ണറപ്പ്. ഇതോടെ നാലാം സീസണില്‍ കപ്പടിക്കണെന്ന് വരെ തീ സോങുണ്ടാക്കി ടീം കളത്തിലെത്തി. ഇത്തവണ റെനെ മ്യൂലെന്‍സ്റ്റീനായിരുന്നു ഹതഭാഗ്യന്‍.
ടെയ്ലര്‍ക്ക് ആറു കളിയാണ് കിട്ടിയതെങ്കില്‍ റെനെക്ക് ഏഴ് കളികള്‍ കിട്ടിയെന്ന് മാത്രം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പരിശീലകരുടെ ഹോട്ട് സീറ്റാണ് ബ്ലാസ്റ്റേഴ്സിന്റേത്. ലീഗിലെ തന്നെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള ആരാധകരുടെ ടീം. എല്ലാ കളിക്കും തിങ്ങിനിറഞെത്തുന്ന ഗാലറി. ആരാധകര്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിയുവിധം വളര്‍ന്നതിന് മൂന്നാം സീസണില്‍ സാക്ഷിയായെങ്കില്‍ നാലാം സീസണില്‍ ആരാധക സമ്മര്‍ദ്ദത്തിന് ടീം അടിമപ്പെടുന്നതാണ് കണ്ടത്. ആരാധകരുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് ടീമിനെ മോചിപ്പിച്ച് കളിക്കാന്‍ കഴിയുന്ന ടീമാക്കി മറ്റാനുള്ള മരുന്നില്ലാതെ പോയതാണ് മ്യൂലെന്‍സ്റ്റീന്റെ വീഴ്ച്ച.
ഫുട്ബോളില്‍ രണ്ട് തരം പരിശീലകരുണ്ട്. ഗാലറിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദത്തെ ആസ്വദിക്കുന്നവരും അതില്‍ വീണുപോകുന്നവരും. ആസ്വദിക്കുന്നവരില്‍ തന്നെ പലവിഭാഗങ്ങളുണ്ട്. ഗാലറിയില്‍ നിന്ന വരുന്ന സമ്മര്‍ദ്ദം കളിക്കാരിലേക്കെത്താതെ തന്നിലേക്ക് മാത്രം ടീമിന്റെ ശ്രദ്ധ ക്ഷണിച്ചു നിര്‍ത്തുന്നവര്‍. അതിന് ടച്ച് ലൈനില്‍ അവര്‍ പല അഭ്യാസങ്ങളും കാണിക്കും. എതിര്‍ പരിശീലകനെ തെറി പറയും, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ആധുനിക ഫുട്ബോളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഹോസെ മൗറീന്യോ ഈ വിഭാഗത്തിന്റെ പ്രതിനിധിയാണ്.
തൂണും ചാരി നില്‍ക്കുന്ന സ്റ്റീവ് കോപ്പലാണ് മറ്റൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ആകാശം ഇടിഞ്ഞു വീണാലും ഒന്നും സംഭവിക്കുന്നില്ലെന്ന തരത്തില്‍ നിന്നുകളയും. ആരാധകര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്ബോള്‍ കളിക്കാര്‍ കാണുന്നത് യാതൊരു ഭാവവ്യത്യാസവുമില്ലാത്ത പരിശീലകനെയാകും. മാനസികമായി വലിയ പിന്തുണയാണ് ഇത്തരം പരിശീലകര്‍ കളിക്കാര്‍ക്ക് നല്‍കുന്നത്. ഒരര്‍ഥത്തില്‍ മൗറീന്യോയും കോപ്പലും ജനക്കൂട്ടത്തെ ആസ്വദിക്കുന്നവരാണ്. ടീമിന് ഗുണകരമായ രീതിയില്‍ അതിനെ മാറ്റിയെടുത്തുന്നവരാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനെന്ന് വിശേഷിപ്പിക്കപ്പെട്ടവരാണ് കാണികള്‍.പക്ഷേ ഇത്തവണ കളി മാറി.
മ്യൂലെന്‍സ്റ്റീന്‍ ഗാലറിയുടെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയുന്നവനെല്ലെന്ന് നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ തെളിയിച്ചു. ഒരു ഗോള്‍ നേടിയ ശേഷം ജയമെന്ന മോഹത്തില്‍ മാനസിക ക്ഷമത നഷ്ടപ്പെട്ട് കളത്തില്‍ ഉഴറിയ കളിക്കാരെ തിരികെ കൊണ്ടുവരാന്‍ കഴിയാതെ ഡഗ്‌ഔട്ടില്‍ അഭയം നേടിയ മ്യൂലെന്‍സ്റ്റീന്‍ പരാജയപ്പെട്ട കാഴ്ച്ചയായിരുന്നു.സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയതെ പോകുന്ന ഗണത്തിലാണെന്ന് റെനെ വീണ്ടും തെളിയിച്ചു.
മാനേജ്മെന്റ് മാറി, ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമൊഴുക്കി വലിയ കളിക്കാരെ കൊണ്ടുവന്നു. മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ സമീപനം. എന്നാല്‍ കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ പാളിച്ചകള്‍ സംഭവിച്ചു. മറ്റ് ടീമുകള്‍ കളിക്കാരുടെ പ്രായത്തിലും പരിചയസമ്ബത്തിലും സന്തുലിതാവസ്ഥ കൊണ്ടുവന്നപ്പോള്‍ കേരള ടീമിന്റേത് പ്രായമേറിയ വിദേശതാരങ്ങളുടെ തെരഞ്ഞെടുപ്പായി. ഏഴ് താരങ്ങളില്‍ രണ്ട് പേര്‍ മാത്രമായി യുവതാരങ്ങള്‍-കറേജ് പെക്കൂസനും, മാര്‍ക് സിഫ്നിയോസും. ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, റെബ്ച്ചുക്ക, പെസിച്ച് എന്നിവര്‍ മികച്ച താരങ്ങളാണെങ്കിലും വിരമിക്കലിന്റെ അടുത്തുള്ളവരാണ്. ലീഗില്‍ വിദേശകളിക്കാരുടെ എണ്ണം എട്ടായി കുറച്ച അവസരത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് ടീം മുതിർന്നത്..








No comments