ബ്ലാസ്റ്റേഴ്സിനെ കരകേറ്റാന്‍ കരുക്കള്‍ നീക്കി പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസ്: ബ്ലാസ്റ്റേഴ്സ് ഇന്ന് പുനെ എഫ്സിക്കെതിരെ ബൂട്ട് കെട്ടും
പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസ് പകര്‍ന്ന പാഠങ്ങള്‍ പയറ്റാന്‍ കേരള ബാസ്റ്റേഴ്സ് ഇന്ന് മത്സരത്തിനിറങ്ങും. പുനെ എഫ്സിയാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ട് മണിക്കാണ് മത്സരം. പരിക്ക് മാറിയ ബെര്‍ബറ്റോവ് ഇന്ന് കളിക്കും.
മുന്‍ ഇംഗ്ലണ്ട് ദേശീയതാരമായ ഡേവിഡ് ജെയിംസ് ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീ താരവും പരിശീലകനുമായിരുന്നു. ബ്ലാസ്റ്റേഴ്സിനെ കളിപഠിപ്പിക്കാന്‍ പുതിയ അടവുമായാണ് ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവ്.
തുടര്‍ത്തോല്‍വികള്‍ പഴങ്കഥയാകും എന്ന ഉറച്ച ആത്മവിശ്വാസം ടീമിനുണ്ട്. ഡേവിഡ് ജെയിംസിന് കീഴില്‍ വീണ്ടും കളിക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഗോള്‍ തന്നെയാണ് ലക്ഷ്യം.
ലീഗ് പകുതിയാകാറായപ്പോള്‍ എഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ഏക സമ്ബാദ്യം.
ബ്ലാസ്റ്റേഴ്സിന് ഇനി കപ്പടിക്കാതെ രക്ഷയില്ല. പുനെ എഫ്സിയ്ക്ക് എതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ജയം നേടാതെ ബ്ലാസ്റ്റേഴ്സിന് തലയുയര്‍ത്തി നില്‍ക്കാനും കഴിയില്ല.
പരിക്ക് മാറി കളിക്കാനിറങ്ങുന്ന ദിമിദേവ് ബെര്‍ബറ്റോവിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യമത്സരങ്ങളിലെ കളിമികവ് ബെര്‍ബറ്റോവ് വീണ്ടും പുറത്തെടുത്താല്‍ മുന്‍നിരയിലേക്ക് പന്തെത്തുമെന്നും ഗോള്‍ നേടാനാകുമെന്നുമാണ് ടീമിന്റെ പ്രതീക്ഷയും ആരാധകരുടെ വിശ്വാസവും.
വിനീതിന്റെയും റിനോയുടെയും കൂട്ടുകെട്ട് സമ്മാനിച്ച ആ ഗോളാഘോഷം ഇനിയും അവസാനിച്ചിട്ടില്ല. നോര്‍ത്ത് ഈസ്റ്റിനെതിരെ വിനീത് നേടിയ ഗോളിന്റെ ഭംഗിയും സാഹസികതയും ഇനിയും അനവധി വര്‍ഷങ്ങള്‍ ഓര്‍മ്മിക്കും. എന്നാല്‍ സി.കെ. വിനീതിന് പരിക്കേറ്റത് ടീമിന് നിരാശ പകരുന്നു. ആരാധകരും കടുത്ത നിരാശയിലാണ്.
അതേസമയം കഴിഞ്ഞ ദിവസം ടീമിന്റെ ചുമതലയേറ്റെടുത്ത പരിശീലകന്‍ ഡേവിഡ് ജെയിംസ് ടീം ഘടനയില്‍ മാറ്റം വരുത്തി കളിക്കാരില്‍ ഉണര്‍വ്വുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കളിക്കാരുടെ പൊസിഷനില്‍ മാറ്റം വന്നാലും അത്ഭുതപ്പെടാനില്ല.
ബ്ലാസ്റ്റേഴ്സിന് ഇത് നിര്‍ണായകമായ മത്സരമാണ് കരുത്തരായ പുനെ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റുമുട്ടല്‍. ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പുനെ കളിച്ച എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് തോറ്റത്. ഗോള്‍ മെഷീനുകളായ മാര്‍സിലോഞ്ഞോയെയും അല്‍ഫാരോയേയും പിടിച്ച് കെട്ടാനായില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലാകും. മത്സരത്തിന് പഴയപോലെ കാണികള്‍ എത്തുമോ എന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്. ബുധനാഴ്ച വരെ മത്സരത്തിന്റെ ആറായിരം ടിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി വിറ്റഴിഞ്ഞിരിക്കുന്നത്.






No comments