ഓം..ഹ്രീം..ഹ്യൂം..ക്ലാസ്...ട്രിക്... ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍
തലപൊട്ടി ചോരയോഴുകിയിട്ടും നെഞ്ചുവിരിച്ച് ഗോളടിച്ചുകൂട്ടിയ ഇയാന്‍ ഹ്യൂമിനു മുന്നില്‍ ഡല്‍ഹി ഡൈനമോസ് മുട്ടുകുത്തി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വരള്‍ച്ച അവസാനിപ്പിച്ചായിരുന്നു ഹ്യൂമിന്റെ ഹാട്രിക്. 12, 78, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമിന്റെ ഗോളുകള്‍. ജയത്തോടെ 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
സീസണില്‍ കേരളത്തിന്റെ രണ്ടാം വിജയമാണിത്. പരിശീലകനായി ഡേവിഡ് ജയിംസ് എത്തിയശേഷം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരമായിരുന്നു ഇത്.
കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ബ്ലാസ്റ്റേഴ്സ് സമനില പാലിച്ചിരുന്നു.
12-ാം മിനിറ്റില്‍ ഇയാള്‍ ഹ്യൂമിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യ ഗോള്‍ നേടിയത്. കറേജ് പെകൂസണിന്റെ പാസ് ഹ്യൂം ഗോളിലേക്കു തള്ളിയിടുകയായിരുന്നു. സീസണിലെ ഹ്യൂമിന്റെ ആദ്യ ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഡൈനമോസ് താരവുമായി കൂട്ടിയിടിച്ച് തലപൊട്ടിയതോടെ തലയില്‍ തുണി ചുറ്റിയാണ് ഹ്യൂം മത്സരം തുടര്‍ന്നത്.
ബ്ലാസ്റ്റേഴ്സ് തുടര്‍ന്നും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 44-ാം മിനിറ്റില്‍ പ്രീതം കോട്ടാലിലൂടെ ഡല്‍ഹി സമനില നേടിയതോടെ ആദ്യ പകുതി ബലാബലത്തില്‍ അവസാനിച്ചു. പരുക്കന്‍ കളിയും പരിക്കും കാരണം ആദ്യ പകുതിയില്‍ മത്സരം 55 മിനിറ്റ് നീണ്ടു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡല്‍ഹിയാണ് മുന്നേറ്റം നടത്തിയത്. പക്ഷേ, കേരള പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ഗോള്‍ അവര്‍ക്ക് അന്യമായി
. 78-ാം മിനിറ്റില്‍ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ ഇയാന്‍ ഹ്യൂം കേരളത്തിനു ലീഡ് നല്കി. അഞ്ചു മിനിറ്റിനുശേഷം സ്വന്തം ഹാഫില്‍നിന്നു നീട്ടിനല്‍കിയ പന്ത് ഗോളിയുടെ തലയ്ക്കു മുകളിലൂടെ പോസ്റ്റിലേക്ക് ചിപ്പ് ചെയ്ത് ഹ്യൂം ഹാട്രിക്കും കേരളത്തിന്റെ ഗോള്‍നേട്ടവും പൂര്‍ത്തിയാക്കി.
No comments