പിണറായി വിജയൻ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരിയെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കിയതായി റിപ്പോര്‍ട്ട്. തൃശൂരിലെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും, അവിടെനിന്ന് തിരിച്ച് സമ്മേളന വേദിയിലേക്കം നടത്തിയ ഹെലികോപ്റ്റര്‍ യാത്രയാണ് വിവാദമായിരിക്കുന്നത്.
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവരുകയാണ് മുഖ്യ മന്ത്രി പിണറായി വിജയൻ ചെയ്തതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു ..
ഈ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ സംസ്ഥാന ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് അനുവദിച്ചിരിക്കുന്നതെന്ന് വിവിധ ദൃശ്യമാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചുവെന്ന് കാണിച്ചാണ് ഓഖി ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ 26നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റര്‍ യാത്ര. രാവിലെ തൃശൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം അദ്ദേഹം തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടികളിലും ഓഖി കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തു. ഈ പരിപാടികള്‍ കഴിഞ്ഞ് അന്നേദിവസം വൈകീട്ട് തന്നെ മുഖ്യമന്ത്രി തൃശൂരിലേക്ക് തിരിച്ചുപറന്നു. ഈ യാത്രകള്‍ക്കായി എട്ട് ലക്ഷം രൂപയാണ് ഓഖി ഫണ്ടില്‍ നിന്നും അനുവദിച്ചത്.
അതേസമയം, ഹെലികോപ്റ്റര്‍ യാത്ര വിവാദമായതോടെ ഇതുസംബന്ധിച്ച ഉത്തരവ് റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ഫണ്ടില്‍ നിന്ന് പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് റദ്ദാക്കിയത്.
No comments