താടിക്കാരന് വിക്ടര്‍ പുള്‍ഗ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുന്നു
രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മധ്യ നിര കാത്ത സ്പാനിഷ് പടക്കുതിര വിക്ടര്‍ പുള്‍ഗ ടീമിലേക്ക് തിരിച്ച് വരുന്നതായി ഒൗദ്യോഗിക സ്ഥിരീകരണം. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ സ്വാഗതം ചെയ്യുന്നതായുള്ള വീഡിയോ പോസ്റ്റ് ചെയ്തതോടെ ആരാധകര്‍ ആവേശക്കൊടുമുടിയിലാണ്.
കസീറ്റോയെ റിസര്‍വ് ടീമിലേക്ക് മാറ്റിയായിരിക്കും 32കാരനായ പുള്‍ഗയെ ടീമില്‍ ഉള്‍പ്പെടുത്തുക.
തെന്റ ആദ്യ സീസണില്‍ നിലവിലെ കോച്ച് ഡേവിഡ് ജെയിംസുമായുള്ള പരിചയമാണ് താരത്തെ ടീമിലെത്തിച്ചത്. രണ്ട് സീസണുകളിലായി 15 മല്‍സരങ്ങളില്‍ മഞ്ഞ ജഴ്സിയണിഞ്ഞ പുള്‍ഗ ഒരു ഗോളും നേടിയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ചെങ്കിലും 2015 സീസണോടെ താരം ബ്ലാസ്റ്റേഴ്സ് വിട്ടു. ഐസ്ലന്‍ഡില്‍ നിന്നുള്ള ഗുഡ്ജോണ്‍ ബാഡ്വിന്‍സനാണ് ബ്ലാസ്റ്റേഴ്സിലേക്ക് അവസാനമായി വന്ന വിദേശ താരം. പുള്‍ഗയും വിന്‍സനും ടീമിനെ ഇനിയുള്ള കളികളില്‍ തുണക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.
ടീം അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2014, 2015 സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി തിളങ്ങിയ താരത്തെ കൊണ്ടുവരുന്നത് വഴി ടീമിന്റെ പ്രകടനം മികച്ചതാക്കാമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.
പുള്‍ഗ ടീമിലെത്തിയതോടെ കിസീറ്റോയെ റിസര്‍വ്വ് ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് മാറ്റിയേക്കും. അടുത്ത മത്സരത്തില്‍ പുള്‍ഗ കളിക്കുമെന്നാണ് പ്രതീക്ഷ





No comments