യുവകരുത്തില്‍ ജര്‍മനിയോട് നാണക്കേടിന്റെ കണക്ക് തീര്‍ത്ത് ബ്രസീല്‍; സ്‌പെയിനിനോട് തകര്‍ന്നടിഞ്ഞ് അര്‍ജന്റീന
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ ജര്‍മനിയോട് കണക്കു തീര്‍ത്തു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനിക്കെതിരേ ബ്രസീല്‍ ജയിച്ചുകയറിയത്. എന്നാല്‍ നാണക്കേടില്‍ നിന്നും ബ്രസീല്‍ കരകയറിയപ്പോള്‍ അര്‍ജന്റീന നാണക്കേടിന്റെ പടുകുഴിയിലേക്ക് പതിച്ചു. അര്‍ജന്റീനയെ സ്പെയിന്‍ 6 -1 ന് നാണം കെടുത്തി.
അതേസമയം, കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ നാണംകെട്ട തോല്‍വിക്ക് കണക്കുപറയാനുറച്ചായിരുന്നു ബ്രസീലിന്റെ യുവനിര ബൂട്ടണിഞ്ഞത്. കളത്തിലിറങ്ങി 37ാം മിനിറ്റില്‍ ബ്രസീലിന് വേണ്ടി ഗബ്രിയേല്‍ ജീസസാണ് ലക്ഷ്യം കണ്ടത്. വില്യന്റെ അസിസ്റ്റിലായിരുന്നു ജീസസിന്റെ ഗോള്‍ നേട്ടം. പിന്നീട് വജയത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനോ എതിരാളികളെകൊണ്ട് ഗോള്‍ അടിപ്പിക്കാനോ ബ്രസീല്‍ സമ്മതിച്ചില്ല.
ജര്‍മന്‍ നിരയില്‍ തോമസ് മുള്ളര്‍ ഇറങ്ങിയിരുന്നില്ല.
കളിയുടെ ഗതിമാറ്റാന്‍ കരുത്തുള്ള മെസ്സിയും അഗ്യൂറോയുമില്ലാതെ സ്‌പെയിനെതിരെ വിജയ മോഹം മാത്രം ലക്ഷ്യംവെച്ച് ബൂട്ടുകെട്ടിയ അര്‍ജന്റീനയെ സ്പാനിഷ് നിര നിലംപരിശാക്കുന്ന കാഴ്ചയ്ക്കാണ് മാഡ്രിഡിലെ മൈതാനത്ത് കണ്ടത്. ഇസ്‌കോ ഹാട്രിക്ക് നേടി. 12ാം മിനിറ്റില്‍ കോസ്റ്റയിലൂടെ സ്പെയിന്‍ അക്കൗണ്ട് തുറന്നപ്പോള്‍ 27ാം മിനിറ്റില്‍ ഇസ്‌കോയിലൂടെ സ്പെയിന്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. എന്നാല്‍ 39ാം മിനിറ്റില്‍ ഒറ്റമെന്‍ഡി ഒരു ഗോള്‍ മടക്കിയപ്പോള്‍ ആദ്യ പകുതി 2-1ന്റെ ആധിപത്യത്തോടെയാണ് സ്പെയിന്‍ ബൂട്ടഴിച്ചത്.
രണ്ടാം പകുതിയില്‍ അര്‍ജന്റീനയെ പൂര്‍ണമായും തകര്‍ക്കുന്ന പ്രകടനമായിരുന്നു സ്‌പെിന്‍ കാഴ്ചവെച്ചത്. ആ 45 മിനിറ്റില്‍ മാത്രം നാല് ഗോളുകള്‍ അര്‍ജന്റീനയുടെ വലയിലെത്തി. 52ാം മിനിറ്റില്‍ ഇസ്‌കോ, 55ാം മിനിറ്റില്‍ അല്‍കാന്‍ഡ്ര, 73ാം മിനിറ്റില്‍ അസ്പാസ്, 74ാം മിനിറ്റില്‍ ഇസ്‌കോ എന്നിങ്ങനെയാണ് സ്‌പെയിനിന്റെ ഗോള്‍ നേട്ടം.

No comments