Breaking News

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തെ ലക്ഷ്യമിട്ട് നിയമം നിര്‍മ്മിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ഒരു വിഭാഗം ആശങ്കയില്‍.

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തെ ലക്ഷ്യമിട്ട് നിയമം നിര്‍മ്മിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ഒരു വിഭാഗം ആശങ്കയില്‍. ഓസ്‌ട്രേയിലിയയിലെ ലൈംഗിക തൊഴിലാളികളാണ് അമേരിക്കയുടെ നിയമനിര്‍മാണത്തില്‍ അസ്വസ്ഥരാവുന്നത്. അമേരിക്കയില്‍ നിയമ നിര്‍മാണം നടത്തുന്നത് ഓസ്‌ട്രേലിയയിലുള്ളവരെന്തിനാ ടെന്‍ഷനടിക്കുന്നതെന്ന് ചിന്തിച്ചേക്കാം.
ഏതൊരു മേഖലയെയും പോലെ തന്നെ ലൈംഗിക വ്യാപാരത്തിലും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റിലൂടെയുമെല്ലാം ഈ മാംസ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.
ഓസ്‌ട്രേലിയയിലും സംഗതി വ്യത്യസ്തമല്ല. അമേരിക്കന്‍ വെബ്‌സൈറ്റുകളെയാണ് തങ്ങളുടെ കച്ചവടത്തിനായി ഇവിടെയുള്ള ലൈംഗിക തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അത്തരം വെബ്‌സൈറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രമം അവരെ ആശങ്കയിലാഴ്ത്തുന്നതും.
വേശ്യാവൃത്തിയ്ക്കും ലൈംഗിക വ്യാപാരത്തിനും സൗകര്യ മൊരുക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് നിയമ പരിരക്ഷ നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് ഇപ്പോള്‍ അമേരിക്കയില്‍ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. സെനറ്റ് പാസാക്കിയ ബില്ലില്‍ പ്രസിഡന്റിന്റെ ഒപ്പുകൂടി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
അതേസമയം അമേരിക്കയില്‍ തന്നെ ഈ ബില്ലിനെ കുറിച്ച് രണ്ട് പക്ഷമുണ്ട്. നിയമ വിരുദ്ധമായ ലൈംഗിക വ്യാപാരത്തെ ചെറുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍, ഇത് ഓഫ്‌ലൈന്‍ ലൈംഗീക കച്ചവടം വ്യാപിക്കാനിടയാക്കുമെന്നും അവരെ വിചാരണ ചെയ്യുന്നത് പ്രയാസകരമാവുകയും ചെയ്യുമെന്ന് മറുപക്ഷവും അഭിപ്രായപ്പെടുന്നു.
എന്തായാലും അമേരിക്കയുടെ ഈ നിയമ നിര്‍മാണ നീക്കം ഓണ്‍ലൈന്‍ രംഗത്ത് ചലനമുണ്ടാക്കിയിട്ടുണ്ട്. ലൈംഗിക വ്യാപാരത്തിന് സഹായിക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് നിരവധി വെബ്‌സൈറ്റുകള്‍.

No comments