Breaking News

എസ്‌എടിയില്‍ നിന്ന് അപ്രത്യക്ഷമായ ഗര്‍ഭിണിയെ കണ്ടെത്തി: ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു !



തിരുവനന്തപുരം എസ്‌എടിയില്‍ നിന്ന് കാണാതായ ഗര്‍ഭിണി ഷംനയെ കണ്ടെത്തി. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞത്. ഉടനെ പോലീസില്‍ അറിയിക്കുകയായിരുന്നു. ആരോഗ്യ പരിശോധനയ്ക്ക് വേണ്ടി കരുനാഗപള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
കണ്ടെത്തുമ്പോൾ ഷംന ഒറ്റയ്ക്കായിരുന്നു. തുടര്‍ന്ന് പോലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീടാണ് താലൂക്ക്് ആശുപത്രിയില്‍ എത്തിച്ച്‌ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. തീര്‍ത്തും അവശയായ നിലയിലായിരുന്നു ഷംനയെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയായ ഷംനയെ കഴിഞ്ഞദിവസം എസ്‌എടി ആശുപത്രിയില്‍ നിന്ന് കാണാതായത്.
ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍. ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് യുവതിയുടെ മൊബൈല്‍ സിഗ്നല്‍ വച്ച്‌ പരിശോധിച്ചുവരികയായിരുന്നു.
പരിശോധനയ്ക്ക് വേണ്ടി ലേബര്‍ റൂമിലേക്ക് പോയ ശേഷമാണ് ഷംനയെ കാണാതായത്. ഷംനയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചിരുന്നു. മൊബൈല്‍ സിഗ്നല്‍ കോട്ടയത്തും എറണകുളത്തും കണ്ടിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ വെല്ലൂരിലും കണ്ടതോടെ യുവതി തമിഴ്‌നാട്ടിലേക്ക് പോയോ എന്ന സംശയം ഉയര്‍ന്നിരുന്നു.
തിരച്ചില്‍ വ്യാപിച്ചിരിക്കെ ഒരു തവണ യുവതി ഭര്‍തൃസഹോദരിയെ ഫോണില്‍ ബന്ധപ്പെട്ട് തനിക്ക് കുഴപ്പമില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വച്ച്‌ ഓഫ് ആയി. അതിനിടെ മൊബൈല്‍ സിഗ്നല്‍ വീണ്ടും കേരളത്തില്‍ പോലീസ് കണ്ടെത്തി. അതിന് പിന്നാലെയാണ് കരുനാഗപള്ളിയില്‍ യുവതിയെ കണ്ടുവെന്ന് വിവരം ലഭിച്ചത്. യുവതിയോട് വിശദ വിവരങ്ങള്‍ ചോദിച്ചറിയാനുള്ള ഒരുക്കത്തിലാണ് പോലീസ്

         
        

No comments