Breaking News

മുഹമ്മദ് ജാസിം ഓർമയിൽ സൂക്ഷിക്കുന്നത് 70,000 ഫോൺ നമ്പരുകൾ..




മുക്കം : ജാസിം അടുത്തുണ്ടെങ്കിൽ അറിയാത്ത മൊബൈൽ നമ്പർ തിരയുന്ന ആപ്പ് ഫോണിലാവശ്യമില്ല. ഒന്നും രണ്ടുമല്ല, എഴുപതിനായിരത്തോളം ഫോൺ നമ്പരുകൾ ജാസിമിന്റെ മനസ്സിൽ സുരക്ഷിതമാണ്. മൊബൈൽ നമ്പരുകൾ പറഞ്ഞാൽ ഉടമയുടെ പേരും പേരു പറഞ്ഞാൽ മൊബൈൽ നമ്പരുകളും ഓർമയിൽനിന്നെടുത്തു കുടഞ്ഞ് നാട്ടുകാർക്ക് അദ്ഭുതമാകുകയാണ് മുക്കം കൊടിയത്തൂർ കാരക്കുറ്റിയിൽ വിളക്കോട്ടിൽ മുഹമ്മദ് ജാസിം. ഈ ഇരുപത്താറുകാരന്റെ മൊബൈൽ കോൺടാക്റ്റിൽ ഒറ്റപ്പേരു പോലും സേവ് ചെയ്തിട്ടില്ല, എല്ലാം ഓർമയുടെ പുസ്തകത്തിൽനിന്നെടുക്കും.
ഒരിക്കൽ മനസ്സിൽ കുറിച്ചാൽ പിന്നെ മായില്ല. മൊബൈൽ നമ്പരുകൾക്ക് പുറമെ ഐഎസ്ഡി, എസ്ടി‍ഡി നമ്പരുകളും സ്ഥിരമായി കാണുന്ന വാഹനങ്ങളുടെ നമ്പരുകളും പരിചയക്കാരുടെ ബാങ്ക് അക്കൗണ്ട് നമ്പരുകളുമൊക്കെ ജാസിമിന് വഴങ്ങും. നമ്പർ സ്റ്റോറേജ് ഒരു ലക്ഷത്തിലെത്തിച്ച ശേഷം ഗിന്നസ് റെക്കോർഡിനു ശ്രമിക്കാനാണ് ഉദ്ദേശ്യം. ചെറുപ്പത്തിലേ ഓർമയിൽ അസാധാരണ മികവുണ്ടെങ്കിലും മൂന്നു വർഷം മുൻപ് കൊടിയത്തൂരിലെ മൊബൈൽ ഷോപ്പിൽ മൊബൈൽ റിപ്പയറിങ് പഠനത്തിന് പ്രവേശിച്ചതോടെയാണ് ജാസിമിന്റെ മെമ്മറി ബാക്ക് അപ് തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒരുതവണ കടയിൽ ഫോൺ റീ ചാർജ് ചെയ്യാൻ എത്തുന്നവരുടെ നമ്പരുകൾ വരെ ജാസിം മറക്കില്ലായിരുന്നു.
പിന്നീട് ചാർജ് ചെയ്യാൻ എത്തുമ്പോൾ തുക മാത്രം പറഞ്ഞാൽ മതി, ബാക്കി ജാസിം ചെയ്തു കൊള്ളും. നാട്ടിലും വീടിന് പരിസരത്തുമുള്ളവർക്ക് അറിയാത്ത നമ്പറുകളിൽ നിന്ന് മിസ്ഡ് കോളുകൾ വന്നാലും ആളുകളെ തിരിച്ചറിയുന്നതിനും ജാസിമിന്റെ സേവനം നാട്ടുകാർ ഉപയോഗപ്പെടുത്തുന്നു. ജാസിം സംസ്ഥാന, ജില്ലാ ക്വിസ് മൽസരങ്ങളിലെ സ്ഥിരം ജേതാവാണ്. എഴുപതിലധികം ഒന്നാം സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ വിവിധ ജില്ലകളിൽ ക്വിസ് മാസ്റ്ററുടെ വേഷവും കെട്ടുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫോക്‌ലോറിൽ എംഎ കഴിഞ്ഞിരിക്കുകയാണ്. പിഎസ്‌സിയുടെ എൽഡി ക്ലാർക്ക് പരീക്ഷകളിൽ ഉയർന്ന സ്ഥാനം നേടി ജോലി ലഭിച്ചെങ്കിലും രാജിവച്ചു.
ജനറൽ നോളജ് സംബന്ധിച്ചുള്ള ഉത്തരങ്ങൾക്കുവേണ്ടിയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ജാസിമിനെ വിളിക്കുക പതിവാണ്. ലോക രാഷ്ട്രങ്ങളെക്കുറിച്ചും വ്യക്തമായ വിവരം നാട്ടുകാരുടെ കുഞ്ഞുവായ ജാസിമിനുണ്ട്. രാഷ്ട്രങ്ങളുടെ തലവൻമാരുടെ പേരുകളും തലസ്ഥാനങ്ങളും ചരിത്രവുമെല്ലാം കാണാപാഠം തന്നെ. ഗവേഷണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് താൽപര്യം. സിവിൽ സർവീസ് മോഹവും ഉള്ളിലുണ്ട്. പഠിക്കുന്ന കാലത്ത് പാഠഭാഗങ്ങൾ വീട്ടിലെത്തി പഠിക്കുന്ന പതിവില്ലായിരുന്നു. ക്ലാസെടുക്കുമ്പോൾ മനസ്സിൽ കുറിച്ചിടുന്നത് പരീക്ഷകൾ കഴിഞ്ഞാലും മായാതെ ഓർമകളിൽ നിൽക്കും. കരിയർ ഗൈഡൻസ്, പിഎസ്‌സി ക്ലാസുകളിൽ അധ്യാപകനായും ജാസിം പ്രവർത്തിക്കുന്നു. കാരക്കുറ്റിയിൽ വിളക്കോട്ടിൽ ഉമറുദ്ദീന്റെയും മറിയയുടെയും മകനാണ് ജാസിം. ജാസിമിന്റെ സിവിൽ സർവീസ് മോഹവും ഗവേഷണ സ്വപ്നവും യാഥാർഥ്യമാവണമെന്ന ആശയിലാണ് കൊടിയത്തൂർ ഗ്രാമം.

         
        

No comments