Breaking News

വാട്‌സാപ്പ് അഡ്മിന്‍മാര്‍ ജാഗ്രതൈ; ഇൗ കാര്യങ്ങൽ സൂക്ഷിച്ചില്ലെങ്കില്‍ 'പണികിട്ടും'


എന്തിനും ഏതിനും ചാറ്റ് ഗ്രൂപ്പുകളുണ്ടാക്കി അഡ്മിനിസ്‌ട്രേറ്റര്‍ ചമഞ്ഞിരിക്കുന്നവര്‍ ശ്രദ്ധിക്കുക. 'അഡ്മിന്‍' പദവി വെറും അലങ്കാരമായി കാണണ്ടാ. ഗ്രൂപ്പില്‍ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുനേരെ കണ്ണടച്ചാല്‍ ആദ്യം കുടുങ്ങുന്നത് 'അഡ്മിന്‍'മാരാവും.

ഐ.ടി. നിയമത്തിലെ വകുപ്പുകള്‍ മുതല്‍ ഇന്ത്യന്‍ ശിക്ഷാനിയമവും പോക്‌സോയും അടക്കമുള്ളവ ഉപയോഗിച്ചാണ് വാട്‌സാപ്പ് ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ പോലീസ് ഒരുങ്ങുന്നത്. ഗ്രൂപ്പിലെ അംഗം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളിയാണെന്ന ഐ.ടി. നിയമമാണ് അഡ്മിന്‍മാരുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നത്.

ഉത്തരവാദിത്വം നിറവേറുന്നതില്‍ അവര്‍ വീഴ്ചവരുത്തിയാല്‍ അഡ്മിനും പ്രതിയാകും. നേരത്തെയും ഒറ്റപ്പെട്ട സംഭവങ്ങളില്‍ നടപടിയെടുത്തിരുന്നെങ്കിലും അടുത്തിടെ നടന്ന 'വാട്‌സാപ്പ് ഹര്‍ത്താല്‍' ആണ് കര്‍ശനനടപടിക്ക് പോലീസിനെ പ്രേരിപ്പിക്കുന്നത്.

അംഗങ്ങളില്‍ ആരെങ്കിലുമൊരാളുടെ പോസ്റ്റ് അതിരുവിട്ടാല്‍ അത് പോലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കുമാണ് അഡ്മിനുകളെ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ക്ക് ഇടയാക്കിയ ഹര്‍ത്താലിന്റെ സന്ദേശം പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ പലരെയും പോലീസ് വിളിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

അഡ്മിന്‍ നോക്കുകുത്തിയല്ല 

*വാട്‌സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച ആളുമാത്രമല്ല, അവര്‍ അഡ്മിനായി നിയോഗിക്കുന്നവരെല്ലാം നിയമത്തിന്റെ കണ്ണില്‍ അഡ്മിന്‍ തന്നെയാണ്.

*ഗ്രൂപ്പ് എന്ത് ലക്ഷ്യത്തിന് രൂപവത്കരിക്കപ്പെട്ടതാണെങ്കിലും അതില്‍വരുന്ന എല്ലാ പോസ്റ്റുകളുടെയും മേല്‍നോട്ടച്ചുമതല അഡ്മിനുണ്ട്.

*ഏതെങ്കിലും തരത്തില്‍ നിയമലംഘനകരമായ വിഷയങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് ഉടനടി ചാറ്റില്‍നിന്ന് നീക്കംചെയ്യാന്‍ നിര്‍ദേശിക്കേണ്ട ഉത്തരവാദിത്വവും അഡ്മിനുണ്ട്.

* ഏത് പോസ്റ്റും ഏഴു മിനിറ്റിനുള്ളില്‍ നീക്കംചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് തന്നെ ഏര്‍പ്പെടുത്തിയത് വിനിയോഗിച്ച്‌ ആക്ഷേപകരമായ സന്ദേശം പോസ്റ്റ് ചെയ്തയാളെക്കൊണ്ടുതന്നെ അത് അഡ്മിന്‍ ചെയ്യിക്കണം.

* ആക്ഷേപകരമായ പോസ്റ്റിട്ടയാളെ ഗ്രൂപ്പില്‍നിന്ന് പുറത്താക്കുകയോ പരസ്യമായി ശാസിക്കുകയോ ചെയ്യുന്നതിലൂടെ ഒരു പരിധിവരെ അഡ്മിന്‍ കേസുകളില്‍ പ്രതിയാകുന്നതില്‍നിന്ന് രക്ഷയേകും. കുറ്റകൃത്യത്തിന്റെ ഗൗരവമാണ് തുടര്‍ന്ന് അഡ്മിന്റെ ഭാവി നിര്‍ണയിക്കുക.

* വളരെ ഗൗരവമേറിയ വിഷയമാണ് ആക്ഷേപകരമായ സന്ദേശത്തിലുള്ളതെങ്കില്‍ ആ വിവരം സൈബര്‍ പോലീസിലോ സമീപത്തെ പോലീസ് സ്റ്റേഷനിലോ അഡ്മിന് അറിയിക്കാം.

*ഗ്രൂപ്പിലെ അംഗങ്ങളായ ആര്‍ക്കും അവരവര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ വരുന്ന ആക്ഷേപസന്ദേശങ്ങളെക്കുറിച്ച്‌ പരാതിപ്പെടാം. അങ്ങനെ പരാതി രഹസ്യമായി ലഭിച്ചാല്‍ അഡ്മിനും പോസ്റ്റിട്ടയാളും പ്രതിയായാണ് കേസുണ്ടാകുക.

* നിയമങ്ങളെക്കുറിച്ച്‌ പരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്ന വാദം അഡ്മിന് പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഗുണംചെയ്യില്ല.

No comments