Breaking News

ബ്രോങ്കൈറ്റിസ് :ലക്ഷണങ്ങളും കാരണവും ചികിത്സയും


എന്താണ് ബ്രോങ്കൈറ്റിസ്? (What is bronchitis)


ശ്വാസ കോശത്തിലെ വായു സഞ്ചാര പാതകൾക്ക് (bronchial tubes) കോശജ്വലനം സംഭവിക്കുന്ന അവസ്ഥയാണ് ബ്രോങ്കൈറ്റിസ്.
 ചുമ, കഫം, ശ്വാസം‌ മുട്ടൽ, നെഞ്ചിനു ഭാരം തുടങ്ങിയ ലക്ഷണങ്ങൾ ഇതുമൂലം ഉണ്ടാകാം. ബ്രോങ്കറ്റിസ് ബാധിച്ചവർ എന്തെങ്കിലും ജോലിയിൽ ഏർപ്പെടുമ്പോൾ കിതപ്പ് അനുഭവപ്പെടുകയും ചെയ്തേക്കാം.

പ്രധാനമായും രണ്ട് വിധത്തിലാണ് ബ്രോങ്കൈറ്റിസ് കണ്ടുവരുന്നത് -‘അക്യൂട്ട്’, ‘ക്രോണിക്’. വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും രൂക്ഷമായ തോതിലുള്ള ലക്ഷണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന അക്യൂട്ട് ബ്രോങ്കൈറ്റിസ് ഏതാനും ആഴ്ചകൾ മാത്രം നിലനിൽക്കുന്നതായിരിക്കും. വൈറസുകളാണ് ഇത്തരം ബ്രോങ്കൈറ്റിസിനു കാരണമാവുന്നത്.

ക്രോണിക് ബ്രോങ്കൈറ്റിസ് മൂലം ശ്വാസ കോശത്തിലെ വായുസഞ്ചാര പാതകളിൽ അസ്വസ്ഥതയും കോശജ്വലനവും ഉണ്ടാകും. അസ്വസ്ഥത സൃഷ്ടിക്കുന്ന രീതിയിൽ കഫം ഉണ്ടാകുന്നതിനും ഇത് കാരണമാവുന്നു. മിക്കപ്പോഴും പുകവലി ആയിരിക്കും ദീർഘകാലം നിലനിൽക്കുന്ന ക്രോണിക് ബ്രോങ്കൈറ്റിസിനു കാരണമാവുന്നത്.

പുകവലിക്കാരായ 32 ശതമാനം പുരുഷന്മാരും 33-53 ശതമാനം സ്ത്രീകളും ക്രോണിക്ക് ബ്രോങ്കൈറ്റിസ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.

കാരണങ്ങളും അപകട സാധ്യതാ ഘടകങ്ങളും (Causes and risk factors)

കാരണങ്ങൾ (Causes)

പനിക്കും ജല ദോഷത്തിനും കാരണമാവുന്ന ഇൻഫ്ളുവൻസ വൈറസുകളാണ് അക്യൂട്ട് ബ്രോങ്കൈറ്റിസിന് കാരണമാവുന്നത്. പുകവലിയാണ് ക്രോണിക് ബ്രോങ്കൈറ്റിസിനുള്ള പ്രധാന കാരണം. വായുമലിനീകരണവും അപകടകാരികളായ വാതകങ്ങളും ഇതിനു കാരണമാവും.

അപകടസാധ്യതാ ഘടകങ്ങൾ (Risk Factors)

ബ്രോങ്കൈറ്റിസിനുള്ള അപകട സാധ്യതാ ഘടകങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

•  ബ്രോങ്കൈറ്റിസ് ബാധിച്ചവരുമായുള്ള സമ്പർക്കം
•  പുക, രാസവസ്തുക്കൾ, പൊടി അല്ലെങ്കിൽ മലിനവായു എന്നിവയുമായി നേരിട്ടല്ലാത്ത സമ്പർക്കം
•  പ്രതിരോധശേഷി ദുർബലമാവുന്നതും പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്ന മരുന്നുകൾ കഴിക്കുന്നതും.


ലക്ഷണങ്ങളും സൂചനകളും (Symptoms and signs)


അക്യൂട്ട് അല്ലെങ്കിൽ ക്രോണിക് ബ്രോങ്കൈറ്റിസിന്റെ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

• ചുമ
• ശ്വാസകോശങ്ങളിൽ കഫം കെട്ടിക്കിടക്കുക
• കിതപ്പ്
•  നെഞ്ചിന് അസ്വസ്ഥത
•  ശ്വാസം‌മുട്ടൽ
•  തലവേദന
•  അസ്വസ്ഥത പകരുന്ന ചുമയോടുകൂടിയ അക്യൂട്ട് ബ്രോങ്കൈറ്റിസ് ഏതാനും ആഴ്ചകൾ നിലനിൽക്കും.

മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന കഫത്തോടു കൂടിയ ചുമ ക്രോണിക് ബ്രോങ്കൈറ്റിസിന്റെ ലക്ഷണമാണ്. രണ്ട് വർഷക്കാലത്തോളം ഇടയ്ക്കിടെ ഇത് ആവർത്തിക്കുകയും ചെയ്തേക്കാം.

ബ്രോങ്കൈറ്റിസ് മൂലം ആവർത്തിക്കുന്ന ചുമയുള്ളവരിൽ മിക്കവരും ആസ്ത്മ മൂലം ബുദ്ധിമുട്ടുന്നവരായിരിക്കും.

രോഗനിർണയം (Diagnosis)

നിങ്ങളുടെ ചികിത്സാ ചരിത്രം കൃത്യമായി വിശകലനം നടത്തുന്ന ഡോക്ടർ നിങ്ങൾക്ക് അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്നും ചോദിച്ചറിയും. നെഞ്ചിനു പ്രശ്നങ്ങളുണ്ടോയെന്നും ശ്വാസതടസ്സമുണ്ടോയെന്നും അറിയാൻ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കും. ഇതുകൂടാതെ, ഇനി പറയുന്ന പരിശോധനകളും നടത്തും;

• ന്യൂമോണിയ ഇല്ലെന്നുറപ്പാക്കാൻ നെഞ്ചിന്റെ എക്സ്-റേ
•  ആസ്ത്മ ഉണ്ടോയെന്നറിയാൻ സ്പൈറോമെട്രി പരിശോധന.
•  മറ്റു രോഗങ്ങൾ ഉണ്ടോയെന്നറിയാൻ സ്പ്യൂട്ടം പരിശോധനയും നടത്തുന്നു.


ചികിത്സയും പ്രതിരോധവും (Treatment and prevention)


ചികിത്സ (Treatment)

ഭൂരിഭാഗം ബ്രോങ്കൈറ്റിസ് കേസുകളും ചികിത്സയില്ലതെ തന്നെ രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകാറുണ്ട്. ചുമ, അലർജികൾ, ആസ്ത്മ എന്നിവ നിയന്ത്രിക്കുന്നതിനുള്ള ചില മരുന്നുകൾ ഡോക്ടർ നിർദേശിച്ചേക്കാം. പ്രധാനമായും വൈറസ് മൂലമാണ് ഉണ്ടാകുന്നത് എന്നതിനാൽ ബ്രോങ്കൈറ്റിസിന്റെ ചികിത്സയ്ക്ക് ആന്റിബയോട്ടിക് നിർദേശിക്കാറില്ല. എന്നാൽ, ബാക്ടീരിയ അണുബാധയുണ്ടെന്നു സംശയമുണ്ടെങ്കിൽ ആന്റിബയോട്ടിക്കുകൾ നിർദേശിക്കും.

പ്രതിരോധം (Prevention)

ഇനി പറയുന്ന രീതികളിൽ അപകടസാധ്യത കുറയ്ക്കാൻ സാധിക്കും;

•  അണുക്കൾ പകരാതിരിക്കുന്നതിനായി കൈകൾ ശുചിയാക്കുക
•  പുകവലി നിർത്തുകയും പൊടി, പുക തുടങ്ങിയവയുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ചെയ്യുക.


സങ്കീർണതകൾ (Complications)

•  ബ്രോങ്കൈറ്റിസ് മാത്രമായി വരുമ്പോൾ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല.
•  എന്നാൽ, ചിലപ്പോൾ, ചിലരിൽ ഇത് ന്യൂമോണിയ ആയി മാറിയേക്കാം.
•  ആവർത്തിച്ചു വരുന്ന ബ്രോങ്കൈറ്റിസ് ‘ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്’ നു കാരണമായേക്കാം.

അടുത്ത നടപടികൾ (Next steps)

നിങ്ങളുടെ ചുമ ഇനി പറയുന്ന രീതിയിലാണെങ്കിൽ ഡോക്ടറെ സന്ദർശിക്കുക;

•  ചുമയ്ക്കൊപ്പം പനിയും ഉണ്ടെങ്കിൽ
•  മൂന്ന് ആഴ്ചയോ അതിൽ കൂടുതലോ നിലനിൽക്കുകയാണെങ്കിൽ
•  നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ
•  ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ അംശം ഉണ്ടെങ്കിൽ
•  ശ്വാസം മുട്ടലും കിതപ്പും അനുഭവപ്പെടുന്നുവെങ്കിൽ


അപകട സൂചനകൾ (Red Flags)

ബ്രോങ്കൈറ്റിസിനൊപ്പം പനി ഉണ്ടെങ്കിലും കഫത്തിന് മഞ്ഞ, പച്ച അല്ലെങ്കിൽ തവിട്ട് നിറമോ രക്തമയമോ ഉണ്ടെങ്കിലും ന്യൂമോണിയയുടെ സാധ്യത തള്ളിക്കളയാനാവില്ല. അതിനാൽ, ഉടൻ ഡോക്ടറെ സന്ദർശിക്കുക.

No comments