Breaking News

കെപിസിസി വർക്കിംഗ് പ്രസിഡന്റ് എം ഐ ഷാനവാസ് എംപി അന്തരിച്ചു

കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.

കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്നു അഞ്ചിന് വഷളായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.സി.വേണുഗോപാൽ എംപി എന്നിവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധുക്കളെ ഫോണിൽ വിളിച്ചു ആരോഗ്യസ്ഥിതി തിരക്കുകയും ചെയ്തു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി.

യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളിൽ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തൽ ഘടകമായി(തിരുത്തൽവാദികൾ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേർ.

No comments