ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി പട്ടിക 30 ന്
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് 30 -നു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അന്തിമരൂപം നല്‍കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായി ബൂത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കും. പ്രവര്‍ത്തക യോഗങ്ങളും ക്യാമ്ബുകളും കണ്‍വെന്‍ഷനുകളും ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറിന് (പത്തനംതിട്ട) കൈമാറി. കേരളത്തില്‍ ഇത്തവണ എന്‍.ഡി.എയ്ക്ക് മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന് യോഗം വിലയിരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങളും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര ബുദ്ധിയോടെയുള്ള സമീപനവും വിശ്വാസികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതമുണ്ടാക്കും.
തൃശൂരിലെ പള്ളി തര്‍ക്കത്തില്‍ ബിഷപ്പിനെതിരെ സ്വീകരിക്കുന്ന നടപടികള്‍, ഈ സര്‍ക്കാര്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും എതിരാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് യോഗം വിലയിരുത്തി. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അരയാക്കണ്ടി സന്തോഷ്, സുഭാഷ് വാസു, കെ.പത്മകുമാര്‍, രാജേഷ് നെടുമങ്ങാട്, സോമശേഖരന്‍ നായര്‍, അഡ്വ.സംഗീതാ വിശ്വനാഥന്‍, ഉണ്ണിക്കൃഷ്ണന്‍, ബിനു അനുരാഗ് എന്നിവര്‍ പ്രസംഗിച്ചു.

No comments