കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ കണ്ടക്ടറാക്കാന് പരിശീലനം
കൊച്ചി: കണ്ടക്ടര്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനത്തിലേര്‍പ്പെടാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കു കര്‍ശന നിര്‍ദേശം. എംപാനല്‍ ജീവനക്കാര്‍ക്കു പകരം കോടതി ഉത്തരവിലൂടെ പുതിയ കണ്ടക്ടര്‍മാര്‍ എത്തിയിട്ടും ജീവനക്കാരുടെ അപര്യാപ്തത തുടരുന്ന സാഹചര്യത്തിലാണു കെഎസ്ആര്‍ടിസിയുടെ ഉത്തരവ്.
പിഎസ് സി വഴി ഡ്രൈവര്‍ തസ്തിയില്‍ നിയമനം നേടിയവരെ അനുവാദമില്ലാതെ കണ്ടക്ടര്‍ തസ്തികകയിലേക്കു മാറ്റുന്നതിനെതിരേ ട്രേഡ് യൂണിയനുകളും രംഗത്തെത്തി.
ജീവനക്കാരുടെ കുറവു മൂലം മെക്കാനിക്കല്‍, സ്റ്റോര്‍ വിഭാഗങ്ങളിലെ ജീവനക്കാരെ കണ്ടക്ടര്മാരാക്കുന്നതിനുള്ള ശ്രമം നേരത്തെ കെഎസ്ആര്‍ടിസി നടത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ പത്താം ക്ലാസ് പാസായവരും അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ മുഴുവന്‍ ഡ്രൈവര്‍ ജീവനക്കാരും കണ്ടക്ടര്‍ ലൈസന്‍സ് ലഭിക്കുന്നതിന് അങ്കമാലിയിലെ സ്റ്റാഫ് ട്രെയിനിംഗ് സെന്ററില്‍ എത്തണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്നും നാളെയുമായി പരിശീലനത്തിനു വരുന്പോള്‍ ജീവനക്കാര്‍ ഐഡി കാര്‍ഡ്, യൂണിഫോം എന്നിവ കരുതണമെന്നും ഉത്തരവില്‍ പറയുന്നു. ഐഡി കാര്‍ഡ് ലഭിച്ചിട്ടും കൊണ്ടുവരാത്തവരെ പരിശീലന പരിപാടിയില്‍നിന്ന് ഒഴിവാക്കും. റാക്ക് ഉപയോഗിച്ചുള്ള പരിശീലനം യൂണിറ്റ് തലത്തില്‍ സംഘടിപ്പിക്കും. പുതിയതായി പ്രവേശിച്ച കണ്ടക്ടര്‍മാര്‍ക്ക് റാക്ക് ഉപയോഗിച്ചുള്ള പരിശീലനം നല്‍കാതിരുന്നത് ബസ് സര്‍വീസുകളെ സാരമായി ബാധിച്ചിരുന്നു.

No comments