Breaking News

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കും: ജമ്മുകശ്മീര്‍, ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവടങ്ങളിലെ നിയസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും


ന്യൂഡല്‍ഹി: മാര്‍ച്ച് ആദ്യവാരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചേക്കും. നിലവിലെ ലോക്സഭയുടെ കാലാവധി ജൂണ്‍ 3ന് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണം ഏത് മാസം പോളിംഗ് നടത്തണം തുടങ്ങിയ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവടങ്ങളിലെ നിയസഭാ തിരഞ്ഞെടുപ്പും നടത്തിയേക്കും. നിയമസഭ പിരിച്ചുവിട്ട് ആറ് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കും.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് തീയതിയും ഘട്ടങ്ങളും പ്രഖ്യാപിക്കുക.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ടത്. നിയമസഭ പിരിച്ചുവിട്ടതിന് ശേഷം തിരഞ്ഞെടുപ്പ് നടത്താനുള്ള ആറ് മാസ കാലാവധി മെയ് മാസത്തില്‍ അവസാനിക്കുകയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 5നാണ് പ്രഖ്യാപിച്ചത്. ഒന്‍പത് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ഏപ്രില്‍ 7ന് ആരംഭിച്ച് മെയ് 12ന് അവസാനിച്ചു.
        

No comments