Breaking News

ആറ്റിങ്ങലില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥി: സെന്‍കുമാർ..

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലം ബിഡിജെഎസിന് നല്‍കാന്‍ ബിജെപിയില്‍ ആലോചന. നേരത്തെ എട്ട് മണ്ഡലങ്ങള്‍ വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങല്‍ മണ്ഡലം ഉള്‍പ്പെടെയാണ് അവര്‍ ആവശ്യപ്പെട്ടത്.
ആറ്റിങ്ങല്‍ വിട്ടു നല്‍കുതിനൊപ്പം പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ അവിടെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ടു വയ്ക്കും. മുന്‍ ഡിജിപി ടി.പി. സെന്‍കുമാറാകും ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയെന്ന് അഭ്യൂഹം പരന്നിരുന്നു.
എന്നാല്‍ അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം നല്‍കണമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഗ്രഹം. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് അതുസംബന്ധിച്ച് കത്ത് നല്‍കും.
ബിഡിജെഎസിന് സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്ന് ആറ്റിങ്ങലാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണ് അവിടെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ഈഴവ സമുദായ വോട്ട് അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഈഴവ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലം കൂടിയാണിത്. എ. സമ്പത്താകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഇത്തവണ അടൂര്‍ പ്രകാശിനെയാണ് ഇവിടെ പരിഗണിക്കുന്നത്.
അതിനാല്‍ ഈഴവ വോട്ടുകള്‍ ഭിന്നിക്കാനിടയുണ്ട്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നത്.
ഈമാസം സംസ്ഥാന സന്ദര്‍ശനത്തിനെത്തുന്ന അമിത് ഷായെ സംസ്ഥാന നേതൃത്വം ഇക്കാര്യം അറിയിക്കും. മണ്ഡലം വിട്ടു നല്‍കാമെന്ന് ബിഡിജെഎസിനെ അറിയിച്ചതായാണ് സൂചന.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുമ്പോള്‍ മാത്രമേ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

No comments