Breaking News

കണ്ണൂരില്‍ പി കെ ശ്രീമതിക്ക് പകരം എം വി നികേഷ് കുമാര്‍ പരിഗണനയില്‍ ? ശ്രീമതിക്ക് വിനയായത് ബന്ധു നിയമന വിവാദം !

കണ്ണൂര്‍:  കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ ഇത്തവണ പി കെ ശ്രീമതിക്ക് രണ്ടാം ഊഴം അനുവദിക്കണമൊ എന്ന കാര്യത്തില്‍ സി പി എമ്മില്‍ ആശയക്കുഴപ്പം.
ശ്രീമതിയെ വീണ്ടും പരിഗണിക്കുന്നതിനോട് സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷത്തിനും അഭിപ്രായമില്ലെന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ മാധ്യമ പ്രവര്‍ത്തകനായ എം വി നികേഷ് കുമാറിനായിരിക്കും മുന്‍‌തൂക്കം. എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പേരും കണ്ണൂരില്‍ സജീവ പരിഗണനയിലാണ്.

മന്ത്രി ഇ പി ജയരാജന് രാജിവയ്ക്കേണ്ടി വന്ന ബന്ധു നിയമന വിവാദത്തില്‍ ഒരു വശത്ത് പി കെ ശ്രീമതി എം പിയുടെ മകനായിരുന്നു. ഇ പി ജയരാജന്റെ ഭാര്യയുടെ സഹോദരിയാണ് ശ്രീമതി ടീച്ചര്‍.
അന്ന് നേതൃത്വത്തിന്റെ അപ്രീതി ക്ഷണിച്ചുവരുത്തിയ നടപടിയായിരുന്നു മകന്റെ നിയമന നീക്കവും പിന്നീടുണ്ടായ പ്രതികരണങ്ങളും. അതിനാല്‍ തന്നെ ഇത്തവണ ശ്രീമതിയെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന് താല്പര്യമില്ല.

എം വി നികേഷ് കുമാര്‍ കഴിഞ്ഞ തവണ അഴീക്കോട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്.
ഇടത് മുന്നണി പ്രതിപക്ഷത്തിരിക്കെ യു ഡി എഫ് സര്‍ക്കാരിനെതിരെ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ വഴി അഴിച്ചുവിട്ട നിരവധി വിവാദങ്ങള്‍ ഇടത് മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ സഹായകമായിരുന്നെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.

അഴീക്കോട്‌ സീറ്റില്‍ അന്ന് പരാജയപ്പെട്ടെങ്കിലും മറ്റ്‌ സര്‍ക്കാര്‍ പദവികള്‍ നികേഷിന് നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ ഇത്തവണ ലോക്സഭയിലേക്ക് നികേഷിനെ പരിഗണിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്.

No comments