Breaking News

മരുഭൂമിയില്‍ കാണുന്ന ദേശാടനക്കിളിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയാവുന്നു, ആപത്ത് വരുന്നു : മുഖ്യമന്ത്രി


കണ്ണൂർ: ഒരു ദേശാടനപക്ഷിക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരുഭൂമിയിൽ നിന്നുള്ള ദേശാടനപ്പക്ഷി കേരളത്തിലെത്തുന്നത് നാടിന് ആപത്താണെന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു. കണ്ണൂരിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനവും എന്ന വിഷയമാണ് പരിപാടിയിൽ ചർച്ച ചെയ്യുന്നതെന്ന് പറഞ്ഞു കൊണ്ടാണ് പിണറായി സംസാരിച്ചു തുടങ്ങിയത്. കേരളം ഭിന്ന കാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. നമ്മളുടെ നാടിന്റെ പഴയ കാലാവസ്ഥയ്ക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലേക്ക് സൂക്ഷിച്ചു നോക്കിയാൽ കാലവസ്ഥാ മാറ്റത്തിനുള്ള തെളിവുകളുണ്ട്. നമ്മുടെ നാട്ടിൽ ദേശാടനപക്ഷികൾ വരാറുണ്ട്. ഒരു ദേശാടനപക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരാക്കുന്നുമുണ്ട്. കാരണം അത് മരുഭൂമികളിൽ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളാണ്. എന്തൊരാപത്താണ് വരാൻ പോകുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്, പിണറായി പറഞ്ഞു. വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളിൽ മാത്രം കണ്ടുവരുന്ന റോസി പാസ്റ്റർ എന്ന ഇനം പക്ഷി കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമായി കണ്ടുവരുന്നുണ്ടെന്നും വല്ലാത്തൊരു മുന്നറിയിപ്പാണ് ഈ പക്ഷികളുടെ വരവ് നമുക്ക് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. "സസ്യ സമ്പത്തിന്റെ കാര്യത്തിലും മാറ്റം ദൃശ്യമാണ്. മഴനിഴൽ പ്രദേശമായ മറയൂരും വട്ടവടയിലും മാത്രമായി വളർന്നിരുന്നകാബേജു പോലുള്ള ശീതകാലകൃഷികൾഇപ്പോൾ എല്ലായിടത്തുമുണ്ട്. വിഷുവിന് മാത്രം കണ്ടിരുന്ന കൊന്ന ഏത് കാലത്തും പൂക്കുന്ന അവസ്ഥയാണ്. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെമാറ്റമാണ് കാണിക്കുന്നത്.കേരളത്തിന്റെ അന്തരീക്ഷ താപനില ഓരോ വർഷവും കൂടുകയാണ്. 1984 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ഹൈറേഞ്ചിലെ ചൂട് ശരാശരി 1.46% വർധിച്ചതായി കാർഷിക സർവ്വകലാശാലയുടെ കണക്കുകളുണ്ട്." ഉഷ്ണ തരംഗവും സൂര്യതാപവും മുമ്പ് വടക്കേഇന്ത്യയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അത് കേരളത്തിൽ ഇടക്കിടെ ഉണ്ടാവുന്നുണ്ട്. സംഘാടകർകേരളത്തിന്റെ കാലികമായ വിഷയമാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
    

No comments