കോണ്‍ഗ്രസിനൊപ്പം ഇവര്‍ കൂടി ചേര്‍ന്നാല്‍ ബി.ജെ.പി വെറും അഞ്ച് സീറ്റിലൊതുങ്ങും, സര്‍വേ ഫലത്തില്‍ ഞെട്ടി രാഷ്ട്രീയ ലോകം
ന്യൂഡല്‍ഹി: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച തിരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റിനിറുത്താനുള്ള തീരുമാനം ഭൂലോക മണ്ടത്തരമാണെന്ന് സര്‍വേ ഫലം. ഇന്ത്യാ ടുഡെ - കര്‍വി ഇന്‍സൈറ്റ് എന്നിവര്‍ നടത്തിയ മൂഡോ ഒഫ് ദ നാഷന്‍ സര്‍വേയിലാണ് ഇക്കാര്യം പ്രവചിക്കുന്നത്. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക് ദള്‍ എന്നീ പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിച്ചാല്‍ അത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നും സര്‍വേയില്‍ പറയുന്നു. ഒരുപക്ഷേ അഞ്ച് സീറ്റുകളുമായി ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഇന്ത്യയില്‍ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് സര്‍വേകളില്‍ മികച്ചതെന്ന് കരുതപ്പെടുന്ന സര്‍േവകളിലൊന്നാണ് മൂഡ് ഒഫ് ദ നാഷന്‍. 2478 ആളുകളെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്. 80 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ അപ്‌നാ ദളും ചേര്‍ന്ന് 73 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഏതാണ്ട് 43.3 ശതമാനം വോട്ടാണ് 2014ല്‍ വര്‍ദ്ധിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ബി.എസ്.പിയും എസ്.പിയും മറ്റ് ചെറിയ പാര്‍ട്ടികളും കൂടി ചേര്‍ന്നാല്‍ ബി.ജെ.പി വെറും അഞ്ച് സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 75 സീറ്റുകള്‍ നേടാന്‍ കഴിയും.
എന്നാല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടേണ്ടെന്ന നിലപാടിലാണ് ബി.എസ്.പിയും എസ്.പിയും ഇപ്പോഴുമുള്ളത്. ഉത്തര്‍പ്രദേശില്‍ തങ്ങള്‍ 78 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും മണ്ഡലങ്ങളായ റായ്‌ബറേലിയിലും അമേത്തിയിലും പ്രതിപക്ഷ സഖ്യം സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുമില്ല. ഇത് കോണ്‍ഗ്രസുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതും കൂട്ടിവായിക്കണമെന്നാണ് രാഷ്ട്രീയ രംഗത്തെ വിദഗ്‌ദ്ധര്‍ പറയുന്നത്.

No comments